യുഡിഎഫിന്റെ അവിശ്വാസം പാസായി; ഉദുമ പഞ്ചായത്തിൽ സിപിഎം പ്രസിഡന്റ് പുറത്ത്

പി വി രാജേന്ദ്രൻ
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പി വി രാജേന്ദ്രനെതിരെ യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. 23 അംഗങ്ങളിൽ യുഡിഎഫിന്റെ 12പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. സിപിഎമ്മിലെ 11പേർ പ്രമേയത്തെ എതിർത്തു.
ഡിസംബർ 27ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ എൻ ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ ഇരുമുന്നണികൾക്ക് 11 വീതം വോട്ട് ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിന്റെ പി വി രാജേന്ദ്രൻ പ്രസിഡന്റായി. ഒരുതവണ തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നീട് ആറുമാസം കഴിഞ്ഞേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകൂ എന്നാണ് ചട്ടം. ഇതോടെയാണ് യുഡിഎഫ് ഇപ്പോൾ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെ പുറത്താക്കിയത്.
ഇപ്പോൾ ഉദുമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ളക്കായിരിക്കും. അവിശ്വാസത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടർന്ന് പുതിയ പ്രസിഡനിനെ തിരഞ്ഞെടുക്കാനുള്ള തീയതി ലഭിക്കും. യുഡിഎഫിൽ ലീഗിനും കോൺഗ്രസിനും ആറ് സീറ്റുകൾ വീതമാണുള്ളത്. അതിനാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.
English Summary
The UDF’s no-confidence motion against Uduma Grama Panchayat President P.V. Rajendran of the CPM was passed, leading to his removal from office. The motion was supported by all 12 UDF members, while 11 CPM members opposed it. Vice President Fousiya Abdulla will serve as acting president until the State Election Commission schedules the election for a new president.


