‘കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം’

ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസിന്റെ മേൽനോട്ടം കോടതിക്കാണെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കേസ് തെളിയിക്കണമെങ്കിൽ കോടതിയിൽ ചാർജ് ഷീറ്റ് നൽകണം. അത് കോടതി ആവശ്യപ്പെടേണ്ടതുണ്ട്. എന്നാൽ അത് രണ്ടും നടക്കുന്നില്ല. ഈ അവസ്ഥ പ്രതികൾ രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ദേവസ്വം വകുപ്പിൽ തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ കോടതിക്ക് തിരുത്താം. ശബരിമല തന്ത്രി സ്ഥാനത്ത് തനിക്ക് പകരം മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് കോടതിക്ക് വിടുകയാണ് ചെയ്തത്. ബോർഡിന്റെ ഈ നിലപാട് ശരിയല്ലെന്നും മന്ത്രി നിലപാട് വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി നേതാക്കൾ വി ഡി സതീശനെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രിയെ ആർക്കുവേണമെങ്കിലും കാണാമെന്നും എന്നാൽ അത്തരം ആളുകളുടെ പരിപാടിയിൽ പങ്കെടുക്കുന്നതാണ് തെറ്റെന്നും മന്ത്രി പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. എന്നാൽ തീരുമാനങ്ങളെടുക്കാൻ സർക്കാരിന് കുറച്ച് സ്വാതന്ത്യം വേണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
RELATED TOPICS: K MURALEEDHARAN, HIGH COURT INTERFERENCE, SABARIMALA, SABARIMALA GOLD THEFT CASE
Read News ⏭️


