NEWS

കെ.എൻ.ബാലഗോപാലിനു വേണ്ടി പ്രചാരണം; പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വിശദ അന്വേഷണം


കൊട്ടാരക്കര ∙ നിയമസഭ തിരഞ്ഞെടുപ്പിൽ‌ ഇടതുസ്ഥാനാർഥി കെ.എൻ.ബാലഗോപാലിനു വേണ്ടി കൊല്ലം റൂറൽ പൊലീസിലെ ഇടതുസംഘടന ഭാരവാഹികളായ 4 പേർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ വിശദ അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തി ശിക്ഷാ നടപടികൾ ആരംഭിച്ചതായും വിശദ അന്വേഷണത്തിനു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ അറിയിച്ചു. തുടരന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നും പറഞ്ഞു.പൊലീസ് സംഘ‌ടന ഭാരവാഹികളായ നജിം,സുജിത്ത്,ചിന്തു,ശിവേഷ് എന്നിവർക്ക് എതിരെയാണ് അന്വേഷണം. ബാലഗോപാലിനു വേണ്ടി പുറത്തിറക്കിയ വിഡിയോയിൽ സർക്കാർ നേട്ടങ്ങളെക്കുറിച്ചു പൊലീസ് ഉദ്യോഗസ്ഥർ പറയുന്ന ഭാഗം ഉണ്ടായിരുന്നു. എന്നാൽ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു തയാറാക്കിയ വിഡിയോ ചില ഓൺലൈൻ മാധ്യമങ്ങൾ ബാലഗോപാലിന്റെ പ്രചാരണത്തിനു ദുരുപയോഗം ചെയ്തെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു റൂറൽ എസ്പിക്കു പരാതി നൽകിയെന്നുമാണ് അസോസിയേഷൻ ഭാരവാഹികളുടെ പ്രതികരണം. ഇതിൽ അന്വേഷണം നടക്കുകയ‌ാണ്. അസോസിയേഷന്റെ വിഡിയോയിൽ ബാലഗോപാലിനെക്കുറിച്ചോ മറ്റു നേതാക്കളെക്കുറിച്ചോ പരാമർശമില്ലെന്നും അവർ പറയുന്നു.


Source link

Back to top button