തലമുറകളുടെ ഗായിക, സിനിമയിൽ ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും ചേരുന്ന ശബ്ദം

എസ് ജാനകി ചിത്രം: ഫേസ്ബുക്ക്
തലമുറകളുടെ ഗായികയെന്ന് അറിയപ്പെട്ടിരുന്ന എസ് ജാനകിയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീത ലോകത്തെ മറ്റൊരു സുവർണ അദ്ധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കർണാടകയിലെ മൈസൂരുവിലായിരുന്നു ഹൃദയങ്ങൾ കീഴടക്കിയ ഗായികയുടെ അന്ത്യം.
പ്രായത്തെ തോൽപ്പിച്ച ശബ്ദം; ‘സെന്തൂര പൂവേ’ തന്ന ആദ്യ ദേശീയ പുരസ്കാരം
’16 വയതിനിലേ’ എന്ന ചിത്രത്തിലെ ‘സെന്തൂര പൂവേ, സെന്തൂര പൂവേ…’ എന്ന എക്കാലത്തെയും മനോഹരമായ ഗാനം കേൾക്കുമ്പോൾ മലയാളികളുടെയും തമിഴ് ജനതയുടെയും മനസിൽ ആദ്യം ഓടിയെത്തുക നടി ശ്രീദേവിയുടെ കൗമാര മുഖമാണ്. ആ പാട്ട് പാടുമ്പോൾ എസ് ജാനകിയ്ക്ക് നാൽപ്പത് വയസ്സുണ്ടായിരുന്നു. എന്നിട്ടും കൗമാരക്കാരിയായ ശ്രീദേവിയുടെ പ്രായത്തിന് ചേരുന്ന രീതിയിൽ, ഒട്ടും ചോർന്നുപോകാത്ത ആവേശത്തോടെയാണ് അവർ സെന്തൂര പൂവേ പാടിയത്.’ ഈ ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം എസ് ജാനകി സ്വന്തമാക്കിയത്.
ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും ചേരുന്ന ശബ്ദത്തിൽ പാടാനുള്ള കഴിവ് എസ് ജാനകിക്കുണ്ട്. ഒരു പാട്ടിൽ കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെയാണ് പാടുന്നതെങ്കിൽ, അടുത്ത പാട്ടിൽ വൃദ്ധയായോ പ്രണയം തുളുമ്പുന്ന പെൺകുട്ടിയായോ മാറാൻ ജാനകിയ്ക്ക് കഴിഞ്ഞിരുന്നു. പതിനേഴോളം ഭാഷകളിലായി 48,000ൽ പരം ഗാനങ്ങളാണ് അവർ റെക്കാഡ് ചെയ്തത്.
എസ് ജാനകി
ഒരു സാധാരണ കുടുംബത്തിൽ നിന്നും സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന എസ് ജാനകി പുരസ്കാരങ്ങൾക്കും ബഹുമതികൾക്കും അപ്പുറം തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായിരുന്നു. 2013ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. ‘അംഗീകാരം വരാൻ ഒരുപാട് വൈകിപ്പോയി’ എന്നായിരുന്നു അന്ന് ജാനകിയമ്മയുടെ പ്രതികരണം. ദക്ഷിണേന്ത്യൻ കലാകാരന്മാരോട് രാജ്യം കാണിക്കുന്ന അവഗണനയ്ക്കെതിരെ വിരൽ ചൂണ്ടാൻ കൂടിയായിരുന്നു ആ ധീരമായ തീരുമാനം.
ജാനകിയമ്മയുടെ സംഗീത ജീവിതത്തിന് പിന്നിൽ മറ്റൊരു പ്രധാന വ്യക്തിത്വമുണ്ട്; അന്തരിച്ച ഭർത്താവ് വി. രാമപ്രസാദ് ജാനകി സ്നേഹത്തോടെ വിളിച്ചിരുന്ന ‘രാമു’. രാമപ്രസാദ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്റെ പ്രതിഭ ലോകം അറിയാതെ പോകുമായിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഒരു വേദിയിൽ ജാനകി പാടുന്നത് കണ്ട് ഇഷ്ടപ്പെട്ട രാമുവിനെ അദ്ദേഹത്തിന്റെ പിതാവാണ് ജാനകിക്ക് പരിചയപ്പെടുത്തുന്നത്.
എസ് ജാനകിയും ഭർത്താവ് രാമുവും.
പിന്നീട് അക്കാലത്തെ പ്രമുഖ ബാനറായ എവിഎം സ്റ്റുഡിയോസിലേക്ക് ജാനകിയുടെ പാട്ടുകളെക്കുറിച്ച് കത്തെഴുതാൻ രാമു തന്റെ പിതാവിനെ നിർബന്ധിച്ചു. 1956ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തിന് ശേഷം ജാനകിയ്ക്ക് ആദ്യ പിന്നണി ഗാനത്തിനുള്ള അവസരവും ലഭിച്ചു. അന്നുമുതൽ എല്ലാ റെക്കാഡിംഗ് സെഷനുകളിലും നിഴലായി രാമു ഒപ്പം ഉണ്ടായിരുന്നു. തന്റെ ജീവിതം മുഴുവൻ അദ്ദേഹം ഭാര്യയുടെ സംഗീതത്തിനായി സമർപ്പിച്ചു.
‘അദ്ദേഹത്തിന് എന്റെ എല്ലാ പാട്ടുകളും പ്രിയപ്പെട്ടതായിരുന്നു. റെക്കാഡിംഗിന്റെ സമയത്ത് പോലും എന്നെ ഒറ്റയ്ക്കാക്കില്ല, എനിക്കും അദ്ദേഹത്തെ വിട്ടുമാറാൻ കഴിയില്ലായിരുന്നു. എന്റെ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ പിന്തുണയായിരുന്നു. അന്നും ഇന്നും എന്റെ ചിന്തകളിൽ എനിക്കൊപ്പമുണ്ട്,’ ഒരു അഭിമുഖത്തിൽ ജാനകി ഭർത്താവിനെക്കുറിച്ച് ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു.
1997ലായിരുന്നു രാമു അന്തരിച്ചത്. ഭർത്താവിന്റെ വേർപാടിന് ശേഷവും ദക്ഷിണേന്ത്യൻ സിനിമകളിൽ മനോഹരമായ ഈണങ്ങൾ തീർത്ത് ജാനകി സംഗീത യാത്ര തുടർന്നു. പരേതനായ മുരളി കൃഷ്ണയാണ് ഏക മകൻ. തലമുറകളെ സ്വാധീനിച്ച യുഗപ്രഭാവയായ ഗായിക ഭൗതികമായി വിടപറയമ്പോഴും, അവർ പാടിവച്ച പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസിൽ എന്നും ജീവിക്കും. 1957ൽ സിനിമാ പിന്നണി ഗാനരംഗത്ത് എത്തിയ ജാനകി 2017-ലാണ് സംഗീത ജീവിതം അവസാനിപ്പിച്ചത്.
RELATED TOPICS: S JANAKI, S JANAKI AGE, LEGENDARY SINGER, S JANAKI DIES, SINGER S JANAKI
Source link


