NEWS
കോളജും പബ്ബും കേന്ദ്രീകരിച്ച് വിൽപന, വെബ്സൈറ്റ് വഴി ഓർഡർ, മിഠായിലും ലഹരി; ഇടപാടുകാരിൽ നല്ലൊരുപങ്ക് മലയാളികൾ

ബെംഗളൂരു ∙ ഒന്നര പതിറ്റാണ്ടിനിടെ രാജ്യാന്തര ലഹരി മാഫിയയുടെ പറുദീസയായി ബെംഗളൂരു മാറിയപ്പോൾ വലയിൽ വീണതിലധികവും മലയാളികൾ. കോളജ് വിദ്യാർഥികളും യുവാക്കളുമാണു കൂടുതലായി റാക്കറ്റിന്റെ ഭാഗമായത്. ഈ വർഷം ഏപ്രിൽ 30 വരെ ബെംഗളൂരു പൊലീസ് റജിസ്റ്റർ ചെയ്ത 1959 കേസുകളിൽ 256 എണ്ണം ലഹരി ഇടപാടിനും 1703 എണ്ണം ലഹരി ഉപയോഗത്തിനും എതിരെയാണ്. 21 വിദേശികൾ ഉൾപ്പെടെ 2612 പേരാണ് അറസ്റ്റിലായത്. 130 കോടി രൂപയുടെ ലഹരി പിടികൂടി. ബഹുരാഷ്ട്ര കമ്പനികളെയും കോളജുകളെയും പബ്ബുകളെയും ചുറ്റിപ്പറ്റിയുള്ള ഇടപാടുകളിലാണ് അറസ്റ്റ്. വെബ്സൈറ്റിലൂടെ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നു ബെംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫിസ് മുഖേന ലഹരി ഇറക്കുമതി ചെയ്തതിനു കുടുങ്ങിയവരിലും മലയാളികളുണ്ട്.∙ നിർലോഭം ലഹരിവീസ കാലാവധി കഴിഞ്ഞും നഗരത്തിൽ തങ്ങുന്ന ആഫ്രിക്കയിൽ നിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ മുഖേന മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ബെംഗളൂരുവിലേക്കു ലഹരി ഒഴുക്കുന്നത്. മെസേജിങ് ആപ്പുകൾ വഴി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളയച്ചാണ് ഇടപാടുകൾ നടത്തുന്നത്. കാനഡയിൽ നിന്ന് ഒഴിഞ്ഞ പാൽപ്പൊടി കാനുകളിൽ ബെംഗളൂരു വിമാനത്താവളം വഴി ലഹരി ഇറക്കുമതി ചെയ്ത സംഘങ്ങളെ കണ്ടെത്താൻ ഒരു ഘട്ടത്തിൽ ഇന്റർപോളിന്റെ സഹായം പോലും പൊലീസ് തേടി. അതേസമയം, മലയാളി കോളജ് വിദ്യാർഥികളെ ലഹരിയിടപാടുകാരായി ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും നഗരത്തിലുണ്ട്.
Source link


