NEWS
തെന്നിന്ത്യൻ തൂഫാൻ: ലഹരിവിരുദ്ധ പോരാട്ടത്തിന് സംസ്ഥാനങ്ങളുടെ കൂട്ടായ്മ

തിരുവനന്തപുരം ∙ ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് ശക്തമായ പിന്തുണയുമായി 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് ലഹരിക്കെതിരെ തെന്നിന്ത്യൻ മതിൽ തീർക്കാൻ ഒരുമിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഈ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്തർ സംസ്ഥാന ലഹരിക്കടത്ത് തടയാനുള്ള വഴികളിൽ തീരുമാനമെടുത്തത്.കേരളത്തിലേക്കടക്കം കടത്താനുള്ള മാരക ലഹരിവസ്തുവായ എംഡിഎംഎ ഉൽപാദിപ്പിക്കുന്ന ലബോറട്ടറി കർണാടകയിലുള്ളതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഏറ്റവുമധികം ലഹരി വസ്തുക്കളെത്തുന്നത് ആന്ധ്രയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ വരുംദിവസങ്ങളിൽ രമേശ് ചെന്നിത്തല നേരിട്ടു കാണും. പിന്തുണ തേടി മുഖ്യമന്ത്രി വി.ഡി.സതീശൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു.∙ ലഹരിക്കെതിരായ നടപടികൾക്ക് എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി 5 സംസ്ഥാനങ്ങളും നിയോഗിക്കും. ∙ റവന്യു ഇന്റലിജൻസ്, കസ്റ്റംസ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും പ്രത്യേക ഓഫിസർമാരെ നിയോഗിക്കും. ∙ ലഹരിക്കടത്ത് സംഘങ്ങളുടെ താവളങ്ങൾ, നീക്കങ്ങൾ ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ കേന്ദ്ര ഏജൻസികൾ കേരളവുമായി പങ്കുവയ്ക്കും. ∙ 5 സംസ്ഥാന ഡിജിപിമാർ തമ്മിലും നിരന്തരം ആശയവിനിമയം നടത്തും. ∙ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ,സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ പരിശോധന. ∙ കുറിയർ, ഭക്ഷണവിതരണ ഓൺലൈൻ ആപ്പുകൾ എന്നിവയെ നിരീക്ഷിക്കും. ∙ ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം കോളജ് പ്രവേശനവേളയിൽ വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങുന്ന തെലങ്കാനയിലെ രീതി കേരളത്തിലും നടപ്പാക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യും.
Source link


