NEWS

കോഴി ഇറച്ചിക്ക് തീവില, പക്ഷെ പണം മുഴുവന്‍ കൊണ്ടുപോകുന്നത് ഇക്കൂട്ടര്‍

പ്രതീകാത്മക ചിത്രം

തൊടുപുഴ: വിപണിയില്‍ കോഴിയിറച്ചിവില കുതിച്ചുയരുമ്പോഴും കര്‍ഷകരുടെ അവസ്ഥ പരുങ്ങലിലാണ്. നേട്ടമാകട്ടെ ഇടനിലക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമാണ്. നിലവില്‍ 282 രൂപയാണ് കോഴിവില. ഇതില്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി 120 രൂപയാണ്. ഉത്പാദനച്ചെലവ് കഴിഞ്ഞാല്‍ മിച്ചം ഒന്നുമില്ലാത്ത അവസ്ഥ. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഒരു ചാക്ക് തീറ്റയ്ക്ക് 350ലേറെ രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ചെറുകിട കോഴി കര്‍ഷകരെയാണ്. കോഴികള്‍ക്ക് പ്രീസ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ എന്നിങ്ങനെയാണ് തീറ്റ നല്‍കുന്നത്. ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ പ്രായമുള്ള കോഴികള്‍ക്കാണ് പ്രീസ്റ്റാര്‍ട്ടര്‍. ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ പ്രായമുള്ള കോഴികള്‍ക്കാണ് സ്റ്റാര്‍ട്ടര്‍. അതിന് മുകളിലേക്കാണ് ഫിനിഷര്‍. ഇവയുടെ വിലയില്‍ ഫെബ്രുവരിക്ക് ശേഷമാണ് വന്‍ വിലവര്‍ദ്ധനവുണ്ടായിരിക്കുന്നത്. കോഴിത്തീറ്റയിലെ ചേരുവകള്‍, മറ്റ് ധാന്യങ്ങള്‍ എന്നിവയ്ക്കുണ്ടായ വിലക്കയറ്റമാണ് വില ഉയരാന്‍ കാരണം. ഗതാഗതച്ചെലവ് വര്‍ദ്ധിച്ചതും തിരിച്ചടിയാണ്.

തീറ്റവില (ബ്രായ്ക്കറ്റില്‍ പഴയ വില )

പ്രീ സ്റ്റാര്‍ട്ടര്‍- 2426 (2066)

സ്റ്റാര്‍ട്ടര്‍- 2341 (2019 )

ഫിനീഷര്‍- 2356 (2006)

ചിക്കന്‍ വില 282 രൂപ

ചെലവ് വര്‍ദ്ധിച്ചു

തീറ്റവിലയില്‍ മാത്രമല്ല കോഴിക്കുഞ്ഞുങ്ങളുടെ വിലയുംകൂടി. 30 രൂപയില്‍ താഴെ നിന്നിരുന്ന കുഞ്ഞുവില നിലവില്‍ 38 രൂപയാണ്. വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് 20- 35 രൂപയ്‌ക്കെങ്കിലും കുഞ്ഞിനെ ലഭിച്ചാല്‍ മാത്രമേ നഷ്ടമില്ലാതെ പോകാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു കോഴിക്ക് ഏകദേശം നാലു കിലോയോളം തീറ്റ ആവശ്യമാണ്. ഇതിന് തന്നെ 200 രൂപയോളമാകും. കൂടാതെ മരുന്നിനും മറ്റും ഒരു കോഴിയ്ക്ക് 15- 20 രൂപയോളമാകും. ഒരു കോഴിയിറച്ചി പാകമാകുമ്പോള്‍ 250 രൂപയോളമാകും. ഒരു തൊഴിലാളിക്ക് 25,000 രൂപ കൂലിയും നല്‍കണം. രോഗങ്ങള്‍ മൂലം കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപോകുന്നതും നഷ്ടമാണ്. ഇതിനുപുറമേ വൈദ്യുതിചാര്‍ജ്ജും അറയ്ക്കപ്പൊടിയുടെ വിലയും വേറെ നല്‍കണം.

” തീറ്റവിലയും കോഴിക്കുഞ്ഞുങ്ങളുടെ വിലയും കുറയ്ക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. ഈ നില തുടര്‍ന്നാല്‍ പലരും കോഴി വളര്‍ത്തല്‍ ഉപേക്ഷിക്കേണ്ടിവരും”

-സണ്ണി കടുത്തലക്കുന്നേല്‍ (കോഴി കര്‍ഷകന്‍)

Read News ⏭️

Back to top button