CINEMA

‘കാളിദാസിനായി ഹസീബ് മുടക്കിയത് പത്ത് കോടി, സഹായം ചോദിച്ചപ്പോൾ ജയറാം തിരിഞ്ഞ് നോക്കിയില്ല’; വെളിപ്പെടുത്തൽ


ആലപ്പി അഷ്റഫ്,​ കാളിദാസ്,​ ഹസീബ്,​ ജയറാം

നടി ഉഷാ ഹസീനയുടെ സഹോദരനും നിർമ്മാതാവുമായ ഹസീബിന് നടൻ ജയറാമിൽ നിന്നും നേരിട്ട ചതിയെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. ഹസീബ് നേരിട്ട സാമ്പത്തിക തകർച്ചയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ജയറാം നൽകിയ വാഗ്ദാന ലംഘനമാണെന്ന് ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. കാളിദാസ് നായകനായി അഭിനയിച്ച ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ഹസീബ്. ഈ ചിത്രത്തിന്റെ നിർമ്മാണത്തോടെ ഹസീബിന്റെ സിനിമാ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശ്ശീല വീണെന്നും അദ്ദേഹത്തിന്റെ മാനസിക, ശാരീരിക, സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞെന്നും ആലപ്പി അഷ്റഫ് വീഡിയോയിലൂടെ പറഞ്ഞു.


ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്

‘ഒന്നുമില്ലായ്മയിൽനിന്ന് സിനിമാ മേഖലയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത നിർമ്മാതാവായിരുന്നു ഹസീബ്. സിനിമാ നിർമ്മാണം കൂടാതെ സിനിമാ നിർമ്മാതാക്കൾക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കൽ, സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങികൊടുക്കൽ എന്നിവയൊക്കെ ചെയ്തുകൊണ്ട് സിനിമാരംഗത്ത് ഒരു അഭിവാജ്യ ഘടകമായി അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പും മറ്റുമായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി ഹസീബിന് ഏൽക്കുന്നത്. ഒരു നിർമ്മാതാവ് കുറെ പണം മുടക്കിയ ശേഷം ഉപേക്ഷിച്ചുപോയ ഒരു പ്രോജക്ട് ഹസീബ് ഏറ്റെടുത്തു നടത്തുവാൻ നിർബന്ധിതനായി.


അതുവരെ ആർട്ടിസ്റ്റ് വാല്യൂ മാത്രമുള്ള ചിത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ഹസീബ് ആദ്യമായിട്ട് ആർട്ടിസ്റ്റ് വാല്യൂ ഇല്ലാത്ത പുതുമുഖ സംവിധായകന്റെ ഒരു ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത്.

കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്ന ചിത്രമായിരുന്നു അത്. ഞാൻ ഹസീബിനോട് ചോദിച്ചു എല്ലാം ബിസിനസ് കണ്ണുകൊണ്ട് മാത്രം നോക്കി കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി, അത് ജയറാമിന്റെ മേലുള്ള എന്റെ വിശ്വാസമാണ്. ജയറാം എന്നോട് പറഞ്ഞു, എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം അതിന് എന്തു സംഭവിച്ചാലും ഞാൻ ഒപ്പം ഉണ്ടാകും. എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം. ആ ഉറപ്പാണ് എന്റെ വിശ്വാസം.

ഹസീബ് അപ്പോൾ എന്നോട് പറഞ്ഞു പലരും എന്നെ വിളിച്ചു പറഞ്ഞു ഇതിന് തലവെച്ചു കൊടുക്കരുത്, ഇത് ചെയ്യരുതെന്ന്. പക്ഷേ ഞാൻ അതൊന്നും ചെവികൊണ്ടില്ല അങ്ങനെ നിരവധി കോടികൾ വാരിയെറിഞ്ഞുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ഒക്കെ ഷൂട്ടിംഗ് പൊടിപൊടിച്ചു. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനനുസരിച്ച്
മാർവാടികളുടെ കയ്യിൽ നിന്നും വട്ടിപ്പലിശക്ക് പണം എടുത്തുകൊണ്ടേയിരുന്നു. അങ്ങനെ നാലിടത്തിൽ നിന്നാണ് ഈ പടം തീർക്കുന്നതിലേക്കായി ഫൈനാൻസ് എടുത്തത്.

വലിയ ആഘോഷത്തോടെ പ്രതീക്ഷയോടെ പടം റിലീസ് ചെയ്തപ്പോൾ പോസ്റ്റർ ഒട്ടിച്ച പണം പോലും ലഭിച്ചില്ല. പടം എട്ടു നിലയിൽ വീണു. ഒപ്പം ആ മാനസികാഘാതത്തിൽ ഹസീബ് എന്ന നിർമ്മാതാവും വീണു. ഈ ചിത്രത്തിനു വേണ്ടി ഹസീബിന് വന്ന ബാദ്ധ്യത ഏതാണ്ട് പത്ത് കോടി രൂപയോളമാണ്. കടം കയറി തകർന്നടിഞ്ഞു നിൽക്കുന്ന നിർമ്മാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക. ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിക്കുന്നു. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ സംവിധായകനായ കണ്ണൻ താമരക്കുളത്തിനെയും കൂട്ടിക്കൊണ്ടാണ് ഹസീബ് ജയറാമിനെ കാണാൻ എത്തിയത്. ആടുപുലിയാട്ടത്തിന് ഒരു രണ്ടാം ഭാഗം ചെയ്യാൻ കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ഹസീബ് ജയറാമിനോട് പറയുന്നു.

ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുമെന്ന ജയറാമിന്റെ അഴകുഴപ്പൻ മറുപടി. ഹസീബ് പറയുന്നു ആ സമയങ്ങളിൽ ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഒന്നും ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനായിട്ടാണ് ജയറാം ഇങ്ങനെ പറഞ്ഞതെന്ന് ഹസീമിന് അപ്പോൾ തന്നെ മനസ്സിലായി. മകന്റെ കാര്യത്തിനു വേണ്ടി തന്നോട് പറഞ്ഞ വാചകങ്ങളൊക്കെ ജയറാം അപ്പാടെ വിഴുങ്ങിയിരിക്കുന്നു, വിസ്മരിച്ചിരിക്കുന്നു.

തകർന്നടിഞ്ഞ് വേദനയോടെ ഇരിക്കുന്ന ഹസീബിന് അയച്ച ഒരു വോയിസ് മെസ്സേജ് ഇങ്ങനെയാണ് എല്ലാം നല്ലതിനു വേണ്ടിയാണ് ഇതും നല്ലതിനു വേണ്ടിയാണെന്ന് കരുതുക. ദൈവം സഹായിക്കും. ഞാൻ പ്രാർത്ഥിക്കാം. അവിടെയും ജയറാം വാക്ക് പാലിച്ചില്ല. ഹസീബിനു വേണ്ടി പ്രാർത്ഥിച്ചില്ല. കാരണം കടക്കാർ നാലുവശവും ഹസീബിനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു. തന്റെ സ്വത്തുക്കൾ എല്ലാം തന്നെ ജപ്തിയുടെ വക്കിലെത്തി.

ഹസീബ് എന്നോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ ഹസീബ് വേദനയോടെ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അത് ജയറാമിനോട് ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു കാര്യമായിരുന്നു. ഞാൻ സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ് ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം. അതിന്റെ പലിശ ഒന്ന് ഒഴിവാക്കി തരാൻ ഗോപാലേട്ടനോട് പറയണം. ജയറാം പറഞ്ഞാൽ അദ്ദേഹം കേൾക്കും. ജയറാം അത് ഏറ്റെങ്കിലും എനിക്കത് ചെയ്തു തന്നില്ല. ഞാൻ അപ്പോൾ ഹസീബിനോട് പറഞ്ഞു ജയറാമിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും നിങ്ങളെ വിലക്കിയതല്ലേ ആ പടം ഏറ്റെടുത്ത് ചെയ്യരുതെന്ന് ഹസീബ് അന്ന് അതൊന്നും ചെവിക്കൊണ്ടില്ല ഇത് ക്ഷണിച്ചു വരുത്തിയ
വിധിയാണ്.

RELATED TOPICS: KALIDAS JAYARAM, HASEEB INVESTMENT, JAYARAM CONTROVERSY, KALIDAS JAYARAM MANGLISH, HASEEB VELIPPADUTHAL


Source link

Back to top button