NEWS
ഉമ്മൻ ചാണ്ടിക്കു ട്രാവൻകൂർ പാലസിലേക്കു ‘വീണ്ടും’ സ്വാഗതം; കഴിഞ്ഞ സർക്കാരിന്റെ കാലത്തു നീക്കിയ ശിലാഫലകം പുനഃസ്ഥാപിക്കും

ന്യൂഡൽഹി ∙ ട്രാവൻകൂർ പാലസിലേക്കു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ‘വീണ്ടും’ സ്വാഗതം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നീക്കിയ ഉമ്മൻ ചാണ്ടിയുടെ പേരെഴുതിയ ശിലാഫലകം 10 ദിവസത്തിനകം അർഹിക്കുന്ന പ്രാധാന്യത്തോടെ ട്രാവൻകൂർ പാലസിനു മുന്നിൽ തിരികെവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ കേരള ഹൗസ് അധികൃതരോട് നിർദേശിച്ചു. 2015 ഓഗസ്റ്റ് 4നു ട്രാവൻകൂർ പാലസിന്റെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹം അനാഛാദനം ചെയ്ത മാർബിൾ ഫലകം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാറ്റി. അതു പിന്നീട് വളപ്പിൽ മണ്ണും ചെളിയും മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മന്ത്രി പി.കെ.ബഷീറിനോട് കേരള ഹൗസിലെ എൻജിഒ അസോസിയേഷനാണു ശിലാഫലകത്തിന്റെ കാര്യം അറിയിച്ചത്. തുടർന്നു ട്രാവൻകൂർ പാലസ് സന്ദർശിച്ച മന്ത്രി പഴയ സ്ഥലത്തുതന്നെ ഫലകം തിരികെ സ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു.
Source link


