NEWS
ഓടിയെത്തി, കണ്ടതു നടുക്കുന്ന കാഴ്ച; രണ്ടു കമ്പികൾക്കിടയിൽ കഴുത്തുപെട്ട് അനങ്ങാനാകാതെ മാത്തുക്കുട്ടി

പത്തനംതിട്ട∙ ‘‘ഉച്ചയ്ക്കു 12.40ന് അന്നമ്മാമ്മയുടെ (അന്നമ്മ മാത്യു) നിലവിളി കേട്ടാണ് ഓടിയെത്തിയത്. വീട്ടുമുറ്റത്തുനിന്ന് ലിഫ്റ്റിലേക്കു നോക്കി കരയുകയായിരുന്നു. രണ്ടു കമ്പികൾക്കിടയിൽ കഴുത്തുപെട്ട് അനങ്ങാനാകാതെ മാത്തുക്കുട്ടി നിൽക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കി വെട്ടുകത്തിയെടുത്ത് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിളിച്ചു. 20 മിനിറ്റോളം കഴിഞ്ഞ് അവരെത്തുമ്പോഴേക്കും ഞങ്ങളുടെ കൺമുന്നിൽ മാത്തുക്കുട്ടി മരിച്ചിരുന്നു. ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല.’’– കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടിയുടെ മരണത്തിനു സാക്ഷികളായ നാട്ടുകാർ പറഞ്ഞു.ഇന്നലെ അപകടത്തിനു മിനിറ്റുകൾക്കു മുൻപും ഇതേ ലിഫ്റ്റ് ഉപയോഗിച്ചു റോഡിലിറങ്ങിയ മാത്തുക്കുട്ടി പരിചയക്കാരുമായി സംസാരിച്ചിരുന്നു. ഇന്നലെ മാത്തുക്കുട്ടിയുടെ വീട്ടിൽ മരം മുറിക്കാൻ തൊഴിലാളി എത്തിയിരുന്നു. ‘‘ജോലി ചെയ്തു ക്ഷീണിച്ചതല്ലേ, ലിഫ്റ്റിൽ താഴെയിറക്കാം’’ എന്നു പറഞ്ഞു തൊഴിലാളിയുമായി റോഡിലേക്കു പോകുകയായിരുന്നു. ഇയാളെ യാത്രയാക്കിയ ശേഷം തിരികെ ലിഫ്റ്റിൽ വീട്ടുമുറ്റത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. 20 മിനിറ്റിനുശേഷം പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളാണു പൈപ് മുറിച്ച് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആറന്മുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു മാത്തുക്കുട്ടി. മക്കൾ: ജോമോൻ മാത്യു, ജിസോ ജെ.മാത്യു (ഇരുവരും വിദേശത്ത്). മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. സംസ്കാരം പിന്നീട്.
Source link


