NEWS

സോഷ്യോളജി നെറ്റ് : ‘ചോദ്യങ്ങൾ വിറ്റഴിച്ചത് 2.25 ലക്ഷത്തിന്’, വിദ്യാർഥികളുടെ കഷ്ടപ്പാടിനു വിലയില്ലെന്ന് രാഹുൽ‌ ഗാന്ധി


ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച നടന്ന യുജിസി നെറ്റ് പരീക്ഷയിലും വൻ ക്രമക്കേടുകൾ നടന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പറുമായി ബന്ധമുള്ള രേഖകൾ പുറത്തുപോയതായും, സോഷ്യോളജി പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഇതിലൂടെ ചോർന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആവർത്തിച്ച് പരാതികൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.ദേശീയ പരീക്ഷാ ഏജൻസിയുടെ പക്കൽ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള ചോദ്യപേപ്പർ തയാറാക്കലുമായി ബന്ധപ്പെട്ട 100 പേജുള്ള ഒരു പിഡിഎഫ് ഫയൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് പ്രചരിച്ചിരുന്നതായി രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഈ പിഡിഎഫിലെ തൊണ്ണൂറോളം ചോദ്യങ്ങൾ യഥാർഥ സോഷ്യോളജി ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നവയാണ്. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന സിഎസ്ഐആർ-നെറ്റ്, എച്ച്ടിഇടി, എഡിഎ പരീക്ഷകളുടെ ചോദ്യപേപ്പറുകളും നൽകാമെന്ന് ഇതേ സംഘം അവകാശപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.


Source link

Back to top button