NEWS
‘ആദ്യ ഉത്തരവ് തയാറാക്കിയത് പ്രതിയാണോ?; ഗുലുമാൽ സിനിമാപ്പാട്ട് പോലെയാണ് ഇവിടുത്തെ കാര്യങ്ങൾ’

കൊച്ചി∙ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ ഉൾപ്പെടെ പ്രതിയായ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പ്രതികളെ വിചാരണ ചെയ്യുന്നതിന് സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യം ഇറക്കിയ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പ്രതികരണം. കേസിലെ പ്രതിയാണോ ഈ ഉത്തരവു തയാറാക്കിയത് എന്നു പോലും കോടതി വാക്കാൽ ചോദിച്ചു. കോടതിയെ കരിവാരിത്തേച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ പറഞ്ഞു. ഇത്തരത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ കോടതിയെ പഴിചാരി ഉത്തരവിറക്കിയ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജുവിനെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടു. സെക്രട്ടറി വെള്ളിയാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകണം. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു. നേരത്തെ ഇറക്കിയ ഉത്തരവിലെ പ്രോസിക്യൂഷൻ അനുമതി റദ്ദാക്കി പുതിയ ഉത്തരവു നൽകിയപ്പോഴായിരുന്നു കോടതിയുടെ വിമർശനങ്ങൾ ആരംഭിച്ചത്. നേരത്തെ ഇറക്കിയ ഉത്തരവിൽ കോടതിയുടെ നിർദേശ പ്രകാരം പ്രോസിക്യൂഷൻ അനുമതി നൽകുന്നു എന്നുണ്ടല്ലോ എന്നത് ചൂണ്ടിക്കാട്ടിയ കോടതി, പ്രോസിക്യൂഷൻ അനുമതി നൽകണമെന്നു കോടതി എപ്പോഴാണു പറഞ്ഞത് എന്നു ചോദിച്ചു. കാര്യങ്ങൾ പുനഃപരിശോധിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നൽകരുതെന്നു കോടതി വിലക്കിയിട്ടില്ലെന്നിരിക്കെ ആദ്യത്തെ ഉത്തരവിലൂടെ പ്രോസിക്യൂഷനിൽനിന്നു പ്രതികളെ രക്ഷിക്കാൻ മനഃപൂർവമായ ശ്രമമല്ലേ ഉണ്ടായതെന്നും കോടതി ചോദിച്ചു. മനസിരുത്തി കാര്യങ്ങൾ ചെയ്യാതെ, കോടതി പറഞ്ഞതുകൊണ്ടു മാത്രമാണു നിർബന്ധിതമായി ഉത്തരവിറക്കുന്നത് എന്നു പറയുന്നവർ പ്രോസിക്യൂഷൻ നടപടികളെ പിന്തുണയ്ക്കുമെന്നു കരുതുന്നുണ്ടോ എന്നു ചോദിച്ച കോടതി പ്രതികൾ തന്നെ തയാറാക്കിയതാണോ ആ ആദ്യത്തെ ഉത്തരവ് എന്നും സംശയം പ്രകടിപ്പിച്ചു. കോടതിയെ അധിക്ഷേപിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്താൻ ഇടയാക്കിയ ഇത്തരം ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കണമോ എന്നും സർക്കാർ ആലോചിക്കണം എന്നും പറഞ്ഞു.ഉദ്യോഗസ്ഥർ ജുഡീഷ്യറിയെ മോശമാക്കി ഉത്തരവിറക്കി, അതിന്റെ പകർപ്പ് പ്രതികൾക്കു നൽകി, പ്രതികൾ അതു പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടു. ചുരുക്കത്തിൽ ഉദ്യോഗസ്ഥർ അവരുടെ ലക്ഷ്യം കണ്ടെന്നു കോടതി പറഞ്ഞു. കോടതിയെക്കുറിച്ച് ഇല്ലാത്ത അനാവശ്യങ്ങളെല്ലാം പറഞ്ഞിട്ട്, ഇപ്പോൾ അസൗകര്യം മാപ്പാക്കണം എന്ന് അഭ്യർഥിക്കുന്നത് അംഗീകരിക്കാനാവില്ല. ഇവർക്കെതിരെ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും എടുത്തേ മതിയാകൂ. കോടതിയലക്ഷ്യ നടപടികൾ വിചാരണാ കോടതിക്കു സമാനമാണെന്ന് ഇവർക്ക് അറിയില്ലേ എന്ന് കോടതി ചോദിച്ചു. പ്രതിയാണോ ഈ ഉദ്യോഗസ്ഥനിലൂടെ ഭരണം നടത്തുന്നത്? മുൻ ഉത്തരവ് പ്രതികൾ തങ്ങൾക്കനുകൂലമായി ഉപയോഗിക്കില്ലേ? പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ യഥാർഥ കാരണം എന്തെന്ന് ആ ഉദ്യോഗസ്ഥനു മാത്രമേ അറിയൂ എന്നും കോടതി ആഞ്ഞടിച്ചു. കേസിൽ സിബിഐയുടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. സിബിഐ എവിടെയാണെന്നും പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്ന നീണ്ട കാലയളവിൽ നിങ്ങൾക്ക് ഒന്നും പറയാനില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. അഴിമതി നിരോധന നിയമത്തിൽ പ്രതികൾക്ക് പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് മുൻകൂട്ടി കൊടുക്കണം എന്ന് എവിടെയെങ്കിലും ഉണ്ടോ? എന്നാൽ ഇവിടെ പ്രതിക്കാണ് ആദ്യം പകർപ്പ് അയച്ചു കൊടുത്തതെന്നു കരുതേണ്ടിയിരിക്കുന്നുവെന്നും കോടതി വിലയിരുത്തി.
Source link


