NEWS

വീടിന് മുകളിലേക്ക് കൂറ്റൻ കെട്ടിടം ചെരിയുന്നു; നാളെ മാറാമെന്ന് ഗൃഹനാഥൻ: 10 മിനിറ്റിൽ 6 മരണം


മുംബൈ ∙ വീടിനു സമീപത്തുള്ള നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു തുടങ്ങിയപ്പോഴേ തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങൾ അപകടം മനസ്സിലാക്കി. മിക്കവരും കയ്യിൽകിട്ടിയതും എടുത്ത് അവരുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു അഭയം തേടി. എന്നാൽ കുടുംബവുമായി അടുത്ത ദിവസം രാവിലെ മാറാം എന്നാണ് 39കാരനായ മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ തീരുമാനിച്ചത്. തൽക്കാലത്തേക്ക് മാറാൻ മറ്റൊരിടവും ആ രാത്രിയിൽ അയാൾക്കു മുന്നിൽ ഉണ്ടായിരുന്നില്ല. ഭാര്യയും നാല് കുട്ടികളും അടക്കം ആറ് പേർ അടങ്ങുന്നതായിരുന്നു മൊയ്‌നുദ്ദീന്റെ കുടുംബം. എന്നാൽ കുടുംബാംഗങ്ങളെ ഒന്നാകെയാണ് പിഴച്ചുപോയ തന്റെ ഈ തീരുമാനത്തിലൂടെ മൊയ്‌നുദ്ദീന് നഷ്ടമായത്.മുംബൈയിലെ മാൻഖുർദിൽ അനധിക‍ൃതമായി നിർമിച്ച നാല് നില കെട്ടിടം തകർന്നുവീണാണ് ഒരു സ്ത്രീയും അ​ഞ്ച് കുട്ടികളും ഉൾപ്പെടെ ആറ് പേർ മരിച്ചത്. കെട്ടിടം ചെരിയുന്ന ലക്ഷണം കണ്ടുതുടങ്ങിയപ്പോഴേ മൂന്ന് കുടുംബങ്ങൾ ഒഴിഞ്ഞെങ്കിലും മൊയ്‌നുദ്ദീന്റെ കുടുംബം മറ്റു വഴിയില്ലാതെ ഇവിടെ തുടരുകയായിരുന്നു. അപകട സമയത്ത് മറ്റൊരു വീട്ടിലെ കുട്ടിയും ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ അയൽവാസിയായ കുട്ടിയും അപകടത്തിൽ മരിച്ചു.


Source link

Back to top button