ഭാര്യയോടുള്ള വാശി പാരയായി, 49കാരന് വാട്ടർടാങ്കിൽ ദാരുണാന്ത്യം

കൊച്ചി: മദ്യപിച്ചാൽ വാട്ടർ ടാങ്കിൽ കയറിയിരിക്കുന്ന ശീലം 49കാരന്റെ ജീവനെടുത്തു. ലഹരിയിൽ പതിവുപോലെ ടാങ്കിലിരുന്നപ്പോൾ ഉറങ്ങിപ്പോയതാണ് പണിയായത്. ഉറക്കത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്ന് കരുതുന്നു. പശ്ചിമകൊച്ചി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കാണ് ദാരുണാന്ത്യം.
അമിതമായി മദ്യപിക്കുന്നതിനാൽ കുടുംബകലഹവും പതിവായിരുന്നു. ഇക്കാരണത്താൽ ഭാര്യയും മകനും പിണങ്ങി മാറിക്കഴിയുകയാണ്. വഴക്കിടുമ്പോഴെല്ലാം ഭാര്യയോടുള്ള ദേഷ്യത്തിനാണ് അവർ കുടിവെള്ളം സംഭരിച്ചുവയ്ക്കുന്ന ടാങ്കിൽ കയറിയിരിക്കുന്നത്. ഭാര്യ പിണങ്ങിപ്പോയിട്ടും ഈ ശീലം തുടർന്നു.
വീട്ടിൽ ഇയാളും പ്രായമായ അമ്മയും മാത്രമേയുള്ളൂ.
സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം ഞായറാഴ്ച രാത്രി 11ന് ശേഷമാണ് വീടിനോട് ചേർന്ന് ഭൂനിരപ്പിൽവച്ച 1000 ലിറ്ററിന്റെ വാട്ടർടാങ്കിൽ കയറിയിരുന്നത്. ഇന്നലെ രാവിലെ മുറിയിൽ കാണാതായപ്പോൾ അമ്മ ടാങ്കിലെത്തി നോക്കുമ്പോഴാണ് അനക്കമില്ലാതെ കാണുന്നത്. അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
ശ്വാസകോശത്തിൽ വെള്ളംകയറിയാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. എങ്കിലും അസ്വാഭാവിക മരണത്തിനാണ് കേസ്. ഫോറൻസിക് വിദഗ്ദ്ധരും ടാങ്ക് പരിശോധിച്ചു.
Source link
NEWS
Read News
Read News✅


