LIFESTYLE

450 രൂപ ഒരുമാസം‌കൊണ്ട് വർദ്ധിച്ചു, ഓണത്തിന് വില കുത്തനെ കൂടും, ഹോട്ടലിൽ മലയാളിയുടെ ഇഷ്‌ടഭക്ഷണത്തിന് കൈപൊള്ളും


ചിക്കൻ വിഭവം

കാഞ്ഞങ്ങാട്: കോഴിത്തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വിലക്കയറ്റം കോഴി കർഷകർക്ക് തിരിച്ചടിയാകുന്നു. 50 കിലോയുടെ ഒരു ചാക്കിന് ഒരു മാസത്തിനിടെ 450 രൂപ വർദ്ധിച്ചു. നിലവിൽ 2,200-2,500 രൂപ ഒരുചാക്കിന് നൽകണം. തീറ്റവില കൂടിയതോടെ കോഴിക്കുഞ്ഞിനും മുട്ടയ്ക്കും വില കൂടി. ഒരുദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞിന്റെ വില 50 രൂപയായി. മുട്ടയ്ക്ക് 8-9 രൂപയും.

ആയിരം ബ്രോയിലർ കോഴികളെ വിപണിയിലെത്തിക്കാൻ ശരാശരി 65-70 ചാക്ക് തീറ്റയാണ് വേണ്ടിവരുന്നത്. ഇപ്പോൾ തീറ്റച്ചെലവു മാത്രം 28,800 മുതൽ 31,500 വരെ രൂപയാകും. 1,000 കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ ചുരുങ്ങിയത് 50,000 രൂപ വേണം. വൈദ്യുതി, മരുന്ന്, തൊഴിലാളികളുടെ വേതനം, ഗതാഗതം എന്നിവയുടെ ചെലവു വേറെയും. നിലവിലെ സ്ഥിതി തുടർന്നാൽ ഓണവിപണിയിൽ കോഴിയിറച്ചിവില കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിടക്കാരുടെ മത്സരമില്ലാതാകുന്നതോടെ വിപണിയിൽ കുത്തകസ്വഭാവം ശക്തിപ്പെടും.

കോഴിത്തീറ്റ നിർമാതാക്കൾ വില കൂട്ടാൻതക്കം പാർത്തിരിക്കുകയാണ്. ഓണക്കാലം വരുമ്പോൾ വിൽപ്പന കൂടും. അത് കണക്കിലെടുത്താണ് നിലവിൽ വില കൂട്ടിയിട്ടുള്ളതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട്ടെ മാർക്കറ്റിൽ കോഴിവില്പനയിലും ഇടിവു വന്നതായി കച്ചവടക്കാർ പറയുന്നു

ആശ്രയം അന്യസംസ്ഥാനം

കേരളത്തിൽ ആവശ്യത്തിനു ഹാച്ചറികൾ ഇല്ലാത്തതിനാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെയാണ് കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും കർഷകർ ആശ്രയിക്കുന്നത്. ഒരു ഇറച്ചിക്കോഴി പാകമായി വരുമ്പോഴേക്കും നിലവിൽ വരുന്ന ചിലവിന്റെ ഇരട്ടി വേണം. അതിനാൽ തന്നെ കർഷകർ പിന്മാറുകയാണ്. എന്നാൽ നേരത്തെ ഹോട്ടലുകളിലും മറ്റും കോഴി സപ്‌ളൈ ചെയ്യുന്നവർ തുടർന്നും അതു നടത്തിക്കൊണ്ടുപോവുകയാണെന്ന് ഒരു ചില്ലറ വില്പനക്കാരൻ പറഞ്ഞു.


Source link

Back to top button