LIFESTYLE
അപ്പാർട്ട്മെന്റിന്റെ വാടക ഒരു ലക്ഷം : മഴയത്ത് ലിഫ്റ്റ് പണിമുടക്കി : 30 നിലകൾ കയറുന്നതിന്റെ ദുരിതം പങ്കുവച്ച് നടൻ

കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കാൻ അടിത്തറ ഒരുക്കിയ സാങ്കേതികവിദ്യയാണ് ലിഫ്റ്റ്. ലിഫ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്നതുപോലെ മുപ്പതും നാല്പതും നിലകളുള്ള താമസസമുച്ചയങ്ങളും വാണിജ്യകെട്ടിടങ്ങളും സങ്കൽപിക്കാൻ പോലുമാകുമായിരുന്നില്ല. ബഹുനിലകളുള്ള പഴയകാല കെട്ടിടങ്ങളിൽ ഇന്നും വലിച്ചു തുറക്കേണ്ട ഗ്രിൽ വാതിലുകളോടുകൂടിയ ലിഫ്റ്റുകൾ കാണാം. എന്നാൽ ബുർജ് ഖലീഫ പോലെ ലോകോത്തര കെട്ടിടങ്ങളിലാവട്ടെ ശരവേഗത്തിൽ സെക്കൻഡുകൾ കൊണ്ട് അൻപതും അറുപതും നിലകൾ പിന്നിടുന്ന ലിഫ്റ്റുകളുണ്ട്. സ്മാർട്ട് സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ സുരക്ഷയും വേഗതയും വർധിപ്പിക്കുന്ന നിരവധി നവീകരണങ്ങൾ ലിഫ്റ്റുകൾക്ക് ഉണ്ടാകുന്നുമുണ്ട്.ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഇന്നും ഇന്ത്യയിലെ പല കെട്ടിടങ്ങളിലും സ്വൈര്യ ജീവിതത്തിന് വില്ലനാകുന്നത് ലിഫ്റ്റുകളാണ്. സുരക്ഷയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചയോടെ നിർമ്മിക്കപ്പെട്ട ലിഫ്റ്റുകൾ മിക്കയിടങ്ങളിലും കാണാം. ചെറിയ സാങ്കേതിക തകരാറോ പ്രതികൂല കാലാവസ്ഥയോ ഉണ്ടായാൽ പണിമുടക്കുന്ന ലിഫ്റ്റുകൾ ദുരിതത്തിലാക്കുന്നത് വമ്പൻ കെട്ടിടങ്ങളുടെ മുകളിലെ നിലകൾ ഉപയോഗിക്കുന്നവരെയാണ്. അത്തരത്തിൽ തങ്ങൾ നേരിട്ട ഒരു ദുരനുഭവമാണ് നടനും മോഡലുമായ മോഹിത് ഹീരാനന്ദനി പങ്കുവയ്ക്കുന്നത്.മുംബൈയിലെ ഒരു ആഡംബര ഫ്ലാറ്റിലാണ് മോഹിത് അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തിരിക്കുന്നത്. ഒരുലക്ഷം രൂപയാണ് പ്രതിമാസ വാടക. പ്രീമിയം സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തതോടെ കെട്ടിടത്തിലെ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചു. മുപ്പതാം നിലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റിലേക്ക് എത്താൻ മറ്റൊരു മാർഗ്ഗവുമില്ലാതെ മോഹിത്തിന് സ്റ്റെയർകേസിനെ ആശ്രയിക്കേണ്ടി വന്നു. എത്രയൊക്കെ സൗകര്യമുണ്ടെങ്കിലും സ്വന്തം വീട്ടിലെത്തുന്നത് ഒരു വെല്ലുവിളിയായി തോന്നിയാൽ ആ അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞുകൊണ്ടാണ് മോഹിത് പടവുകൾ കയറുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.കെട്ടിടത്തിൽ 5 ലിഫ്റ്റുകൾ ഉണ്ടെന്നും മഴപെയ്ത ഉടൻതന്നെ ഇവ അഞ്ചും പ്രവർത്തിക്കാതെയായെന്നും മോഹിത് പറയുന്നു. സ്വന്തം ഫ്ലാറ്റിൽ ട്രക്കിങ് നടത്തുന്ന അവസ്ഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത്രയും സാഹസപ്പെട്ട് മുപ്പതാം നിലയിൽ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാവട്ടെ മറ്റൊരു വെല്ലുവിളിയാണ് മോഹത്തിനെ കാത്തിരുന്നത്. അപ്പാർട്ട്മെന്റിലെ വാട്ടർ സപ്ലൈ നിലച്ചിരുന്നു. മുംബൈ ജീവിതം ഇങ്ങനെയൊക്കെയാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.വിഡിയോ പുറത്തുവന്നതോടെ ബഹുനില കെട്ടിടങ്ങളിൽ കഴിയുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഏറ്റവും ഉയരത്തിൽ ഇരുന്നുകൊണ്ട് എല്ലാ കാഴ്ചകളും ആസ്വദിച്ച് സുഖസൗകര്യത്തോടെ ജീവിക്കാമെങ്കിലും അടിസ്ഥാന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിലച്ചാൽ ജീവിതം നിശ്ചലമാകുന്ന അവസ്ഥയാണ് ഫ്ലാറ്റുകളിൽ ഉള്ളതെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. പ്രായമായ ആളുകൾ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ലിഫ്റ്റ് ഇല്ലാത്ത സാഹചര്യം എങ്ങനെ തരണം ചെയ്യുമെന്നതാണ് പലരുടെയും സംശയം. സൗകര്യങ്ങളും സ്വകാര്യതയും കൂടുതൽ ലഭിക്കുമെങ്കിലും പരമാവധി നാലാമത്തെയോ അഞ്ചാമത്തെയോ നിലയ്ക്ക് മുകളിലുള്ള അപ്പാർട്ട്മെന്റുകൾ പരിഗണിക്കരുത് എന്നതാണ് ഭൂരിഭാഗം ആളുകളും നൽകുന്ന ഉപദേശം. ലിഫ്റ്റിനായി ബാക്കപ്പ് പവർ പോലും ഇല്ലെങ്കിൽ പിന്നെ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടായിട്ടും ഫലമുണ്ടോ എന്നും ആളുകൾ ചോദിക്കുന്നു.
Source link
CINEMA
CINEMA


