NEWS
പാലം വലിച്ചോ? പാലാ വീഴുമോ? വീണ്ടും കോൺഗ്രസ് – സ്വതന്ത്ര കൂട്ടായ്മ അടിപിടി; മുൻപും പ്രശ്നം കൊട്ടാരമറ്റം!

പാലാ ∙ യുഡിഎഫും സ്വതന്ത്രമുന്നണി കൂട്ടായ്മയും ചേർന്നു നേരിയ ഭൂരിപക്ഷത്തിനു ഭരിക്കുന്ന പാലാ നഗരസഭയിൽ വീണ്ടും ഭരണപ്രതിസന്ധി. പാലാ നഗരത്തിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു വിട്ടുകൊടുക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗൺസിലിൽ തീരുമാനമെടുത്തതിനു പിന്നാലെ, സ്വതന്ത്രമുന്നണി അംഗമായ നഗരസഭാധ്യക്ഷയ്ക്കുള്ള പിന്തുണ പിൻവലിച്ചതായി കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. എന്നാൽ, ഇതെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഏതാനും മാസങ്ങളായി ഭരണമുന്നണിക്കുള്ളിൽ പുകയുന്ന പ്രശ്നങ്ങളാണ് വീണ്ടും തീയാളുന്നത്.അധ്യക്ഷ ദിയ ബിനു, ദിയയുടെ പിതാവ് ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രകൂട്ടായ്മ അംഗങ്ങൾ. യുഡിഎഫും ഈ 3 അംഗങ്ങളും ഒരു സ്വതന്ത്രയും ചേരുമ്പോഴാണ് ഭൂരിപക്ഷം. ഇവരിൽ ആരു പിന്തുണ പിൻവലിച്ചാലും ഭരണം വീഴും. ഇങ്ങനെയാണ് കക്ഷിനില: ആകെ സീറ്റുകൾ – 26. എൽഡിഎഫ് – 12, യുഡിഎഫ് – 10, സ്വതന്ത്ര കൂട്ടായ്മ –3, സ്വതന്ത്ര –1. മുൻപും പ്രശ്നം കൊട്ടാരമറ്റം! കൊട്ടാരമറ്റം ബസ് സ്റ്റാൻിലെ ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ടായിരുന്നു യുഡിഎഫിലെ ആദ്യ തർക്കവും പ്രശ്നങ്ങളും. തുടർന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസും സ്വതന്ത്രമുന്നണിയിലെ ബിനു പുളിക്കക്കണ്ടവും തമ്മിൽ 2 പൊലീസ് കേസുകളാണ്ടായത്. ബിജു മാത്യൂസിനെ യുഡിഎഫ് യോഗത്തിൽ വച്ച് മർദിക്കാൻ ശ്രമിച്ചെന്നാണ് ആദ്യ കേസ്. നഗരസഭാധ്യക്ഷയുടെ ചേംബറിൽ പൊലീസിനൊപ്പം തെളിവെടുപ്പിന് എത്തിയ ബിജുവിനെതിരെ വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് നഗരസഭാധ്യക്ഷയും കേസ് നൽകിയിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വം ദിവസങ്ങളോളം നടത്തിയ ശ്രമങ്ങളെത്തുടർന്നാണ് പ്രശ്നങ്ങൾക്ക് ഏതാണ്ട് പരിഹാരമായത്.
Source link


