ബിജെപി കൗൺസിലർ സുഗതന്റെ ജാമ്യപേക്ഷ തള്ളി, വീണ്ടും വിയ്യൂർ ജയിലിലേക്ക്

കാപ്പാ കേസിൽ അറസ്റ്റിലായ കൗൺസിലർ സുഗതൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വട്ടിയൂർക്കാവ് വെള്ളക്കടവ് ജംഗ്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ച കേസ്, കാപ്പാക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടുകേസുകളിലാണ് സുഗതൻ ജാമ്യാപേക്ഷ നൽകിയിരുന്നത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് ജാമ്യപേക്ഷകളും തള്ളിയത്.
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചുതകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. കാപ്പ ചുമത്തിയതിനെ തുടർന്ന് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
കാപ്പ കേസിൽ പ്രതിയായിരുന്ന സുഗതന് 2025ൽ കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയിച്ച ശേഷം തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറായി സുഗതൻ അധികാരമേറ്റു. എന്നാൽ കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയിൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സുഗതനും കൂട്ടാളികളും പൊലീസ് കസ്റ്റഡിയിലായി. ഇവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സുഗതനെ കഴിഞ്ഞ മാസം ഒൻപതിന് പൊലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
RELATED TOPICS: BJP COUNCILLOR SUGATHAN, SUGATHAN BAIL PLEA, VIYYUR JAIL, KERALA CRIME NEWS, SUGATHAN BJP
Source link
NEWS
Read News
Read News✅


