BUSINESS
വിഴിഞ്ഞം ആരുടെയും കുത്തകയാവില്ല, വ്യവസ്ഥകൾ ലംഘിച്ചിട്ടുമില്ല, ഓഹരി കൈമാറ്റം കേരളത്തിന്റെ അനുമതിയോടെ മാത്രമെന്ന് അദാനി

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായുള്ള കൺസഷൻ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് അദാനി പോർട്സ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്ത. എംഎസ്സി കമ്പനിക്ക് 49% ഓഹരി കൈമാറാനുള്ള കരാർ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമേ നടപ്പാകൂവെന്ന് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. നിലവിൽ, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ ഓഹരി ഘടനയിൽ ഒരു മാറ്റവുമില്ല. ഓഹരി വിൽപനയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമേ, സർക്കാരിൽ നിന്നു അനുമതി വാങ്ങാനാവൂ. അതാണ് അദാനി പോർട്സ് ഇപ്പോൾ ചെയ്തത്.‘സെബി’ ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകളനുസരിച്ചാണ് ഓഹരിവിൽപന സംബന്ധിച്ച വിവരം പങ്കുവച്ചത്. സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ച ശേഷം, അക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചു. എല്ലാ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള തുടർനടപടികളിൽ സംസ്ഥാന സർക്കാരുൾപ്പെടെ എല്ലാ അധികാരികളുമായി നിയമാനുസൃതം ബന്ധപ്പെടും.നിർദിഷ്ട കൈമാറ്റം പൂർത്തിയായി എംഎസ്സിക്ക് 49% ഓഹരി ലഭിച്ചാലും ഭൂരിപക്ഷ ഓഹരി പങ്കാളിയെന്ന നിലയിൽ തുറമുഖത്തിന്റെ നിയന്ത്രണം അദാനി പോർട്സിൽ തന്നെ തുടരും. തുറമുഖ പ്രവർത്തനത്തിന്റെ പൂർണ ഉത്തരവാദിത്തം അദാനിക്കു തന്നെയായിരിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഭൂരിപക്ഷം പേരെയും തുടർന്നും അദാനി പോർട്സ് നിയമിക്കും. ഓഹരിക്ക് അനുസരിച്ചുള്ള പ്രാതിനിധ്യം ബോർഡിൽ എംഎസ്സിക്കുമുണ്ടാകും.ഏതെങ്കിലുമൊരു വിദേശ സ്വകാര്യ കമ്പനി ഇന്ത്യൻ തുറമുഖത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കുമിത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്ന് എന്ന നിലയിൽ എംഎസ്സിയുമായുള്ള കൂട്ടുകെട്ട് ഇന്ത്യയുടെ തുറമുഖ മേഖലയ്ക്കു കരുത്തുപകരും. അവിടേക്ക് കൂടുതൽ കപ്പലുകൾ എത്താൻ ഇതു വഴിയൊരുക്കും. നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ വർധിക്കും. തുറമുഖവുമായി ബന്ധപ്പെട്ട മധ്യ, ചെറുകിട വ്യവസായങ്ങൾ വളരും. ഈ അവസരം കൂടി മുന്നിൽക്കണ്ടാണ് എംഎസ്സിയുമായി കൈകോർത്തത്. കണ്സഷന് കരാറില്‍ പറയുന്നതുപോലെ പുതിയ വാണിജ്യസാധ്യതകള്‍ ഉണ്ടാകുന്ന തരത്തില്‍ ലോകത്തുള്ള എല്ലാ കമ്പനികള്‍ക്കും വിഴിഞ്ഞത്ത് അവസരമുണ്ടാകും. എക്സിം, ക്രൂയിസ്, ബങ്കറിങ് തുടങ്ങി എല്ലാ മേഖലകളും വികസിപ്പിക്കും. പ്രദേശവാസികൾക്കായി നിലവിൽ അദാനി നടപ്പാക്കുന്ന നൈപുണ്യ വികസന, പരിശീലന പരിപാടികളിൽ ഭാവിയിൽ എംഎസ്സിയുടെ പങ്കാളിത്തവുമുണ്ടാകും. സർക്കാരിന്റെ പിന്തുണയാണ് വിഴിഞ്ഞത്തിന്റെ വലിയ കുതിപ്പിന് വഴിയയൊരുക്കിയതെന്നും സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായി പാലിച്ചാകും ഭാവി വികസനപദ്ധതികളെന്നും അശ്വനി ഗുപ്ത പറഞ്ഞു.
Source link


