NEWS
നിരപരാധിയാണെന്ന് അറിയിച്ചിട്ടും നടുറോഡിൽ യുവാവിന് നേരെ അസഭ്യം പറയൽ,ക്രൂരമർദനം; പൊലീസുകാരന് സസ്പെൻഷൻ

കൊരട്ടി ( തൃശൂർ) ∙ യുവാവിനെ നടുറോഡിൽ മർദിച്ച പൊലീസുകാരനു സസ്പെൻഷൻ. വെസ്റ്റ് കൊരട്ടി സ്വദേശിയായ സിദ്ധാർഥ് ഉദയകുമാറിനെ (22) ക്രൂരമായി മർദിച്ച കേസിൽ കൊരട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും തിരുവനന്തപുരം സ്വദേശിയുമായ വിനുകുമാറിനെയാണു (40) സസ്പെൻഡ് ചെയ്തത്.വ്യാഴാഴ്ച വൈകിട്ട് കൊരട്ടി ജംക്‌ഷനിൽ ചേതന മെഡിക്കൽസിനു സമീപം നിൽക്കുകയായിരുന്ന സിദ്ധാർഥിനെ ബാറിൽ അടിപിടിയുണ്ടാക്കിയാളാണെന്നു പറഞ്ഞാണു ആക്രമിച്ചത്. അസഭ്യം പറയുകയും വിരട്ടുകയും മുഷ്ടി ചുരുട്ടി കഴുത്തിന്റെ ഇടതുഭാഗത്തും വലതു കവിളിലും നെറ്റിയിലും മൂക്കിനു മുകളിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.മന്ത്രി ഇടപെട്ടതിനു പിന്നാലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഉത്തരവിട്ടു. നേരത്തെ തിരുവനന്തപുരത്തു ജോലി ചെയ്തിരുന്ന വിനുകുമാർ അവിടെ നിന്നു ശിക്ഷാ നടപടികളുടെ ഭാഗമായുള്ള സ്ഥലംമാറ്റം ലഭിച്ചാണു കൊരട്ടി സ്റ്റേഷനിലെത്തിയത്.
Source link


