AUTO
ഇനി ‘B50’ ഇന്ധന വിപ്ലവം; ജൈവ ഇന്ധന നയത്തിൽ ചരിത്രപരമായ മാറ്റങ്ങളുമായി ഇന്തൊനീഷ്യ

ഇന്ധന ഇറക്കുമതി പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തില്‍ ജൈവ ഇന്ധന നയത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി ഇന്തോനേഷ്യ. ഡീസലില്‍ ചേര്‍ക്കുന്ന പാം ഓയിലിന്റെ അളവ് 40ശതമാനത്തില്‍ നിന്നും 50 ശതമാനത്തിലേക്ക്(B50) ഉയര്‍ത്താനാണ് ഇന്തോനേഷ്യയുടെ തീരുമാനം. ഇന്തോനേഷ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സെറ്റേന്‍ 48 ഗ്യാസോയില്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി കുറഞ്ഞ ജലാംശമുള്ളതും കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനാവുന്നതുമായ ഉയര്‍ന്ന ഗുണനിലവാരമുള്ള പാം-ഡീസല്‍ വകഭേദമായിരിക്കണം ഉത്പാദിപ്പിക്കേണ്ടതെന്നാണ് ആഭ്യന്തര ഇന്ധന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2026 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് ബി40 മാനദണ്ഡപ്രകാരം 46.1 ലക്ഷം കിലോലീറ്റര്‍ ജൈവ ഇന്ധനമാണ് ഇന്തോനേഷ്യയില്‍ വിതരണം ചെയ്തത്. വര്‍ഷം മുഴുവന്‍ ബി40 തുടര്‍ന്നിരുന്നെങ്കില്‍ 1.56 കോടി കിലോലീറ്റര്‍ ഇന്ധനമാണ് വേണ്ടി വരിക. എന്നാല്‍ വര്‍ഷം മുഴുവന്‍ ബി50 നടപ്പാക്കിയാല്‍ ജൈവ ഇന്ധനത്തിന്റെ ആഭ്യന്തര ഉപഭോഗം 2.01 കോടി കിലോലീറ്ററായി ഉയരും. ഇപ്പോള്‍ കരുതുന്ന പോലെ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ബി40യും ബാക്കി ആറു മാസം ബി50ഉം തുടര്‍ന്നാല്‍ വാര്‍ഷിക ഇന്ധന ആവശ്യകത 1.76 കോടി കിലോലീറ്ററായി ഉയരും. പുതിയ നയം വഴി ഇന്തോനേഷ്യയുടെ സാമ്പത്തിക ഘടനക്ക് മേല്‍ നേരിയ സമ്മര്‍ദമുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലം രാജ്യാന്തര എണ്ണ വിപണിയിലുണ്ടായ വിലക്കയറ്റമാണ് പുതിയ നീക്കത്തിന് ഇന്തോനേഷ്യയേയും പ്രേരിപ്പിച്ചത്. സാധാരണഗ ഡീസലിനേക്കാള്‍ വില കൂടിയതാണ് പാം ഓയിലെങ്കില്‍ ഇന്ധനവിലയിലുണ്ടായ വര്‍ധനവ് ഡീസലും പാം ഓയിലും തമ്മിലുള്ള വിലവ്യത്യാസം കുറഞ്ഞു. തുടക്കത്തില്‍ വലിയ സാമ്പത്തികനേട്ടം പ്രതീക്ഷിച്ചെങ്കിലും മാറിയ രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളും ഇന്തോനേഷ്യക്ക് വെല്ലുവിളിയാവുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക സമാധാന കരാറിലെത്തിയതോടെ രാജ്യാന്തര എണ്ണ വില 21 ശതമാനം കുറഞ്ഞ് ബാരലിന് 73 ഡോളറിലേക്ക് എത്തിയിരുന്നു. അതേസമയം ഇന്തോനേഷ്യയിലെ ആഭ്യന്തര ആവശ്യം വളര്‍ന്നതോടെ പാംഓയില്‍ വില ടണ്ണിന് 1,100 ഡോളറിനും മുകളിലേക്ക് കുതിക്കുകയും ചെയ്തു. സാധാരണ ഡീസലിനേക്കാള്‍ ടണ്ണിന് 260 ഡോളറിലേറെ തുകക്കാണ് ഇപ്പോള്‍ പാം ഓയില്‍ വില്‍ക്കുന്നത്. പാംഓയില്‍ ഇറക്കുമതിക്ക് ചുമത്തുന്ന സെസ് തുക ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഈ വിലവ്യവ്യത്യാസം നികത്തുന്നത്. എന്നാല്‍ ഡീസലും പാം ഓയിലും തമ്മിലുള്ള വിലവ്യത്യാസം ഇത്രയേറെ വര്‍ധിച്ചതോടെ സബ്‌സിഡി പൂര്‍ണമായും തീര്‍ന്നുപോകുമെന്ന ആശങ്കയും ശക്തമാണ്. കൂടുതല്‍ പാംഓയില്‍ ആഭ്യന്തര ഇന്ധന ഉത്പാദനത്തിനായി മാറ്റുമ്പോള്‍ കയറ്റുമതി കുറയും. കയറ്റുമതി കുറയുന്നതോടെ അതില്‍ നിന്നും സബ്‌സിഡി ഫണ്ടിലേക്ക് ലഭിക്കേണ്ട നികുതി വരുമാനത്തിലും കുറവുണ്ടാവും. സബ്‌സിഡി നല്‍കാനുള്ള ചിലവ് കൂടുകയും അതിനുള്ള വരുമാനം കുറയുകയും ചെയ്യുന്ന ഇരട്ടപ്രതിസന്ധിയിലേക്കാണ് ഇന്തോനേഷ്യ നീങ്ങുന്നതെന്ന മുന്നറിയിപ്പും വ്യവസായ വിദഗ്ധര്‍ നല്‍കുന്നുണ്ട്.
Source link


