NEWS
ഇരുകൈകളും തളർന്ന അച്ഛൻ, കാൻസർ ബാധിച്ച മുത്തച്ഛൻ, നടക്കാൻ ബുദ്ധിമുട്ടുന്ന അമ്മ; ഇവർക്കെല്ലാം താങ്ങായി യദുകൃഷ്ണൻ

കമ്പളക്കാട് ( വയനാട്) ∙ ഇരുകൈകളും തളർന്നുപോയ അച്ഛൻ, കാൻസർ രോഗിയായ മുത്തച്ഛൻ, ഹോട്ടൽ ജോലിക്കിടെ വീണു പരുക്കേറ്റു നടക്കാൻ ബുദ്ധിമുട്ടുന്ന അമ്മ… ഇവർക്കെല്ലാം ആശ്രയമാണ് യദുകൃഷ്ണൻ എന്ന എട്ടാം ക്ലാസുകാരൻ. കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെയും രജിതയുടെയും ഏകമകനാണ് യദു. വയ്യാത്ത കുടുംബാംഗങ്ങൾക്ക് എല്ലാമെല്ലാമായി ഈ കുട്ടി മാത്രമേയുള്ളൂ. മോട്ടർ ന്യൂറോൺ രോഗം വന്ന് അനീഷിന്റെ വലതുകയ്യാണ് ആദ്യം തളർന്നത്. ഇപ്പോൾ വിരൽ പോലും അനക്കാൻ കഴിയില്ല. ദിവസം കഴിയുന്തോറും അവശത കൂടിവരുന്നു. ശരീരം ശോഷിച്ചു പോകുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ രജിതയ്ക്കും ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ മകനാണ് എല്ലാവർക്കും സഹായി.3 മാസം മുൻപുവരെ ഓട്ടോ ഓടിച്ച് അനീഷ് കുടുംബം പുലർത്തിയിരുന്നു. വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടപ്പോഴും തളരാതെ ഒരു കയ്യാൽ ഓട്ടോ ഓടിച്ചു കുടുംബത്തെ താങ്ങി നിർത്തി. പഴയ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ അതു വിറ്റ് ഇലക്ട്രിക് ഓട്ടോ വാങ്ങി. അനക്കമറ്റ ഒറ്റക്കൈ മറന്ന് ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബത്തെ പോറ്റാനിറങ്ങിയ ആ 44 വയസ്സുകാരൻ അച്ഛന്റെ മറ്റേ കയ്യും അപ്പോഴേക്കും അനങ്ങാതായി. ‘‘ഇന്ന് ഓട്ടോയുടെ മാസത്തവണ അടയ്ക്കേണ്ട അവസാന തീയതിയാണ്. ഇതുവരെ അടവ് മുടങ്ങിയിരുന്നില്ല. ഇനിയങ്ങോട്ട് എന്താകുമെന്നറിയില്ല’’– അനീഷ് പറയുന്നു.
Source link


