NEWS
ലഹരിക്ക് പണം ഇറക്കുന്നവരേയും ‘അടിച്ചിട്ട്’ തൂഫാൻ; എംഡിഎംഎ കേസിൽ ലക്ഷങ്ങൾ ചെലവിട്ട ഫാഷൻ ഡിസൈനർ പിടിയിൽ

കോഴിക്കോട് ∙ മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെ (40) ആണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തുനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ(36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ച മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നേമുക്കാൽ കിലോയോളം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ ആകെ 2.306 കിലോ എംഡിഎംഎ ആണ് കേസിൽ പിടിച്ചെടുത്തത്. ഇതോടെ പിടിച്ചെടുത്ത അളവു പ്രകാരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചെടുത്ത കേസുകളിൽ ഒന്നായി ഇതു മാറി. സംഭവത്തിൽ ബേപ്പൂർ സ്വദേശി റൈഹാനത്തും (45) നേരത്തേ അറസ്റ്റിലായിരുന്നു.കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പിടിയിലായ മൂന്നു പേരിൽ നിന്നും ലഭിക്കുന്ന വിവരം കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലമാക്കാൻ ആണ് പൊലീസ് ഒരുങ്ങുന്നത്. മുക്കം പൊലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് വിശ്വം സിവിൽ പൊലീസ് ഓഫിസർ ജിഷ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഖദീജയെ പിടികൂടിയത്.
Source link


