BUSINESS
കേരളത്തിൽ പുതിയൊരു വിമാനക്കമ്പനി; പേര് ‘കോ കേരളം’, 3500 രൂപയ്ക്ക് പറക്കാം, ആദ്യം 2 വിമാനങ്ങൾ

കോഴിക്കോട് ∙ ചെലവു കുറഞ്ഞതും വേഗത്തിലുമുള്ള ആഭ്യന്തര വിമാന യാത്രകൾ എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്ക് കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽ നിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നത്.സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് ആദ്യഘട്ടത്തിൽ 2 വിമാനങ്ങൾ പാട്ടത്തിന് എടുത്തു നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായി കമ്പനി രൂപീകരിക്കും. 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരി എടുത്താണ് ആദ്യ ഘട്ടം നടപ്പാക്കുക.മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ റജിസ്ട്രാറും പദ്ധതിയെ താൽപര്യത്തോടെയാണു സമീപിച്ചത്. 2 വിമാനങ്ങൾ തുടർ ഘട്ടങ്ങളിൽ നാലും ആറും ആക്കി ഉയർത്തും. 3500 മുതൽ 7000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. പ്രാരംഭഘട്ടത്തിൽ 200 പേർക്ക് ജോലി നൽകാനാകും. വിമാന സർവീസിന് ഒപ്പം കുറഞ്ഞ ചെലവിൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുളള സംവിധാനങ്ങളും ഉണ്ടാകും. അതിവേഗ ട്രെയിനുകളിൽ നൽകുന്ന നിരക്കിൽ, വിമാന യാത്ര ചെയ്യാനാകും വിധമാണ് സർവീസ് നടത്തുക.സർവീസ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും വിധമാകും ടിക്കറ്റുകൾ ക്രമീകരിക്കുക. സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കമ്പനിയിൽ പണം മുടക്കാൻ 200 സഹകരണ സംഘങ്ങൾ തയാറാണെന്നും സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു.മൂന്നാർ, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ നിർമിച്ച് അവിടേക്ക് സർവീസ് നടത്താൻ പദ്ധതിയുണ്ടെന്നും ഇതിലൂടെ ടൂറിസം മേഖലയിൽ കേരളം വൻ കുതിച്ചുചാട്ടം നടത്തുമെന്നും സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Chalabala/istockphoto.comൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


