‘ലക്ഷ്‌മിപ്രിയയെക്കുറിച്ച് കേട്ടാൽ ലജ്ജിക്കുന്ന കഥകൾ അൻസിബയ്‌ക്കറിയാം’; നടിക്കെതിരെ പ്രമുഖ സംവിധായകൻ

നടി അൻസിബ ഹസനെതിരെ നടി ലക്ഷ്‌മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആലപ്പി പ്രതികരിച്ചത്. ലക്ഷ്‌മിപ്രിയ – അൻസിബ വിവാദത്തിൽ അടിക്കടി വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണിത്. പരാതികൾക്ക് പുറമേ അൻസിബയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പരസ്യപ്പെടുത്തിയതോടെയാണ് ലക്ഷ്‌മിപ്രിയയ്‌ക്കെതിരെ പല കോണിൽ നിന്നും വിമർശനം ഉയരാൻ തുടങ്ങിയത്.
‘സ്വന്തം അധ്വാനം കൊണ്ട് ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്‌മിപ്രിയ പിച്ചിച്ചീന്തിയത്. അത്തരം ഹീനമായ പ്രവൃത്തി ചെയ്‌തതിന് അവർക്ക് നിയമപരമായും ജനമദ്ധ്യത്തിലും കടുത്ത വില നൽകേണ്ടിവരും. ലോകത്ത് ഇന്നുവരെ ആരും പറയാൻ മടിക്കുന്ന അവിഹിത കഥകൾ പടച്ചുവിട്ട ലക്ഷ്‌മിപ്രിയക്കെതിരെ യഥാർത്ഥത്തിൽ അൻസിബയാണ് കോടതിയെ സമീപിച്ച് മാനനഷ്‌ടത്തിന് കേസ് കൊടുക്കേണ്ടത്.
ആദ്യം ലക്ഷ്‌മിപ്രിയയോട് എനിക്ക് സഹതാപമാണ് തോന്നിയത്. അൻസിബയുടെ മെസേജ് കണ്ട് ലക്ഷ്‌മിപ്രിയയുടെ ഭർത്താവ് അവരെ ക്രൂരമായി തല്ലി എന്നൊക്കെയാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇവർ ഇരിക്കവെ അമ്മയിലെ ഒരംഗം എന്നെവിളിച്ച് പറഞ്ഞത്. ഇത് ശരിയാണോ എന്നറിയാൻ സ്റ്റേഷനിൽ വിളിച്ചു. സത്യമാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്‌തു. ഇതിന് ശേഷം ഈ സംഭവം ഞാൻ ഒരു വീഡിയോയിൽ പറയുകയും ചെയ്‌തു. നടമാരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോഴത് കാട്ടുതീ പോലെ പടർന്നിട്ടുണ്ട്.
വീഡിയോ കണ്ട് ലക്ഷ്‌മിപ്രിയ എന്നെ വിളിച്ച് അൻസിബ തീവ്രവാദിയാണെന്നൊക്കെ പറഞ്ഞു. അത് അപ്പോഴത്തെ മാനസികാവസ്ഥയിൽ പറയുന്നതാണെന്നേ ഞാൻ കരുതിയുള്ളു. എന്നാൽ, കൂടെക്കൊണ്ടുനടന്ന പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച് അവിഹിതകഥയും കൂടെ തീവ്രവാദി എന്ന വിളിയുംകൂടി ആയപ്പോൾ എനിക്ക് ലക്ഷ്‌മിപ്രിയയോടുള്ള സഹതാപം ഇല്ലാതായി. പിന്നീടവർ അൻസിബയെക്കുറിച്ച് ഒരു ചാനലിൽ പരസ്യമായി പറയുന്നത് കേട്ടു.
അൻസിബയ്‌ക്ക് പിന്നിൽ മതതീവ്രവാദ സംഘടനകൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നാണ് ലക്ഷ്‌മിപ്രിയ പറഞ്ഞത്. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും വർഗീയത പറയുന്നവരെ ജനം തിരിച്ചറിഞ്ഞ് മാറ്റിനിർത്തണം. ഇവരുടെ നാവും പ്രവൃത്തിയും സമൂഹത്തെ വഴിതെറ്റിക്കുന്നതാണ്. എല്ലാവരും അൻസിബയ്‌ക്ക് അനുകൂലമാണെന്ന് കണ്ടപ്പോഴാണ് അവർ അവിഹിത കഥയുമായി എത്തിയത്.
നിങ്ങൾ ഒരുകാര്യം മനസിലാക്കണം. ലക്ഷ്‌മിപ്രിയയെക്കുറിച്ച് കേട്ടാൽ ലജ്ജിക്കുന്ന പല കഥകളും അൻസിബയ്‌ക്ക് അറിയാം. അതൊന്നും അവരെ മോശക്കാരിയാക്കാൻ വേണ്ടി അൻസിബ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. ലക്ഷ്‌മിപ്രിയയുടെ സ്വഭാവം ഒരിക്കലും ആർക്കും പ്രെഡിക്‌റ്റ് ചെയ്യാൻ പറ്റാത്തതാണ്. ഏത് വിധത്തിലും അത് മാറാം’ – ആലപ്പി അഷ്‌റഫ് പറഞ്ഞു.
RELATED TOPICS: LAKSHMIPRIYA ANSIBA ISSUE, LAKSHMIPRIYA CONTROVERSY, MALAYALAM ACTRESS, MALAYALAM FILM INDUSTRY, ENTERTAINMENT NEWS
Source link


