NEWS
‘മേയർ ക്രിഞ്ച് കോമഡി പങ്കുവയ്ക്കുന്നത് കേട്ടു; പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്’: രാജേഷിന് മറുപടിയുമായി ശബരീനാഥൻ

തിരുവനന്തപുരം∙ കോർപറേഷനിലെ അവിശ്വാസ പ്രമേയ നീക്കം പാളിയതിനു പിന്നാലെ, തന്നെ പരിഹസിച്ച മേയർ വി.വി. രാജേഷിന് അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് ശബരീനാഥൻ. ശബരീനാഥൻ ഒരാഴ്ചയായി മഴയത്ത് ആന്തൂറിയം പൂവുമായി നിൽക്കുകയാണെന്നും എൽഡിഎഫ് പ്രതിനിധി അവലോസ് ഉണ്ട നൽകാൻ തയാറാകുന്നില്ലെന്നുമായിരുന്നു രാജേഷിന്റെ പരിഹാസം. മേയർ പങ്കുവച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും തമാശ ക്രിഞ്ച് ആണെന്നും നല്ല ബോറായിട്ടുണ്ടെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശബരീനാഥൻ പറഞ്ഞു. ‘‘ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവയ്ക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്… അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്ബോൾ വേൾഡ് കപ്പ് സമയമല്ലേ, അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ “ഒളിമ്പിക്സ് വേദി” എന്തായി? ജസ്റ്റ് ആസ്ക്കിങ്’’– ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Source link


