BUSINESS
ബംഗ്ലദേശ് തുറമുഖത്ത് 96,000 കോടിയുടെ ചൈനീസ് നിക്ഷേപം, നഷ്ടമായത് ഇന്ത്യ കണ്ണുവച്ച നിർണായക ‘വ്യാപാര കേന്ദ്രം’

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ ബംഗ്ലദേശിലെ തുറമുഖ പദ്ധതിയിൽ വൻ നിക്ഷേപത്തിന് ചൈന. കഴിഞ്ഞ ദിവസം ചൈനയിലെത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പിട്ടു. ഇന്ത്യയുടെ കിഴക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിലെ മംഗള തുറമുഖത്ത് പ്രത്യേക സാമ്പത്തിക മേഖല (സ്പെഷ്യൽ ഇക്കണോമിക് സോൺ) നിർമിക്കാനാണ് കരാർ. ഇവിടെ ഇന്ത്യയുടെ സഹായത്തോടെ പ്രത്യേക സാമ്പത്തിക മേഖല നിർമിക്കാൻ 2015ൽ ബംഗ്ലദേശ് സർക്കാർ ഭൂമി അനുവദിച്ചിരുന്നു. ഇന്ത്യ ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു. എന്നാൽ മുഹമ്മദ് യൂനുസിന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള സഹകരണം റദ്ദാക്കി. താരിഖ് അഹമ്മദ് ഭരണത്തിലേറിയതോടെ പദ്ധതി ചൈനയുടെ കയ്യിലുമെത്തി. 11 ചൈനീസ് കമ്പനികൾ ചേർന്ന് ഇവിടെ നടത്തുന്നത് 920 കോടി ഡോളറിന്റെ (ഏകദേശം 96,000 കോടി രൂപ) നിക്ഷേപമാണ്. പെട്രോളിയം എൻജിനീയറിങ്, ഗ്യാസ് ഫീൽഡ് നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചൈന ഫ്യൂച്ചർ എനർജി ഗ്രൂപ്പ് ഹോൾഡിങ് 25 കോടി ഡോളർ നിക്ഷേപിക്കും. എണ്ണപ്പാടങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് വേണ്ടിയാണിത്. ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി കമ്പനികളിലൊന്നായ ഷാൻഹായ് എസ്‍യുഎസ് കമ്പി 89 കോടി ഡോളറാണ് നിക്ഷേപിക്കുക. മംഗള തുറമുഖത്ത് പ്രത്യേക സാമ്പത്തിക മേഖല നിർമിക്കാനും തുറമുഖത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനും ചെനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ചൈന സിവിൽ എൻജിനീയറിങ് കോർപറേഷൻ 65 കോടി ഡോളർ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് 50,000 പേർക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ സർവകലാശാലകൾ, ഔഷധ നിർമാണ കേന്ദ്രം, ഢാക്ക- ചിറ്റഗോങ് ഹൈവേ, ഫാക്ടറികൾ, വെയർ ഹൗസുകൾ എന്നിവ നിർമിക്കുന്നതിനും ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തും. ചിറ്റഗോങ് തുറമുഖം കഴിഞ്ഞാൽ ബംഗ്ലദേശിലെ ഏറ്റവും വലുതും തിരക്കുള്ളതുമായ തുറമുഖമാണ് മംഗള. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 188 കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന മംഗള തുറമുഖം രാജ്യസുരക്ഷയിലും വ്യാപാരത്തിലും രാജ്യത്തിന് നിർണായകമാണ്. തുറമുഖം പൂർത്തിയായാൽ ഇന്ത്യയുടെ നാവിക നീക്കങ്ങൾ പരിശോധിക്കാൻ ചൈനീസ് സൈന്യത്തിനു കഴിഞ്ഞേക്കുമെന്ന ആശങ്കയുമുണ്ട്. ചൈനീസ് സൈന്യത്തിന് ഇവിടെ പ്രവേശനം ലഭിക്കുമെന്ന് കരാറിൽ പറയുന്നില്ലെങ്കിലും ഇത്തരം സിവിലിയൻ തുറമുഖങ്ങൾ ചൈന സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ഇവിടെ 110 ഏക്കർ സ്ഥലം ചൈനയ്ക്കു കൈമാറാനാണ് ബംഗ്ലദേശിന്റെ നീക്കം. ഇതോടെ വ്യാപാരത്തിന് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ബംഗ്ലദേശിനു കഴിഞ്ഞേക്കും. ഇന്ത്യയ്ക്ക് തായ്‍ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സമുദ്ര വ്യാപാരത്തിന് നിർണായകവുമാണ് ഈ തുറമുഖം. ആവശ്യമായ ക്രൂഡോയിലിന്റെ 80 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കും മംഗള തുറമുഖം നിർണായകമാകും. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് shutterstock /Photo Gallarysൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


