NEWS
‘ഡെങ്കിപ്പനിയായിരുന്നു, ബജറ്റായതിനാൽ സഭയിലെത്തി’; ചർച്ചയ്ക്കിടെ ഉറങ്ങിയോ?: മറുപടിയുമായി എംഎൽഎ

തിരുവനന്തപുരം∙ നിയമസഭയിൽ ഉറങ്ങിയെന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോയ്ക്കെതിരെ പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണ്. ബജറ്റായതിനാലാണ് ആരോഗ്യസ്ഥിതി വീണ്ടെടുക്കും മുൻപ് സഭയിലെത്തിയത്. സഭയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നതെന്നും ഹരീന്ദ്രൻ പറഞ്ഞു.∙ പോസ്റ്റിന്റെ പൂർണരൂപം: കഴിഞ്ഞദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കൻഡുകളുടെ ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലായിരുന്നു ഞാൻ. ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമം ആവശ്യമായിരുന്നെങ്കിലും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുന്നതിനാലും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ടെന്ന ബോധ്യത്താലുമാണ് പൂർണമായി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുൻപ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങൾക്ക് അതീതരല്ല. എന്നാൽ വിമർശനം വസ്തുതകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാകണം. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട വിഷയമാണ്. എന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്ക പങ്കുവയ്ക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം അതേ ആത്മാർഥതയോടെയും പ്രതിബദ്ധതയോടെയും തുടർന്നും നിർവഹിക്കുമെന്ന ഉറപ്പോടെ…’
Source link


