NEWS

കോതമംഗലത്ത് ഭീതിവിതച്ച ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചു; വനത്തിലേക്ക് തുറന്നുവിട്ടു


കൊച്ചി ∙ കോതമംഗലത്തെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ ഒരു മാസത്തിലേറെയായി ഭീതി വിതച്ച ആനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചു. വൈകുന്നേരം 4:45ഓടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആനയെ വെട്ടമ്പാറ വനത്തിലേക്ക് തുറന്നുവിട്ടു. ആന ഇനി ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും അടുത്ത നടപടികൾ.ഇന്നു രാവിലെ ആരംഭിച്ച ഒൻപത് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചത്. തുടർന്ന് മയങ്ങിനിന്ന ആനയുടെ കീഴ്ത്താടിയിലുള്ള പരുക്കിന് ചികിത്സ നൽകി. കോതമംഗലം മേഖലയിൽ സ്ഥിരമായി ജനവാസ മേഖലകളിലിറങ്ങി വൻതോതിൽ കൃഷിനാശം വരുത്തുകയും പകൽ സമയങ്ങളിൽ പോലും സ്കൂൾ ബസ് ഉൾപ്പെടെ തടഞ്ഞ് ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ആനയെ പിടികൂടാത്തതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും വകുപ്പുമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ആനയെ മയക്കുവെടി വയ്ക്കാനും ചികിത്സ നൽകാനും ഉത്തരവിടുകയായിരുന്നു.  എന്നാൽ, ആനയെ ഈ വനത്തിൽ തന്നെ വിട്ടതുകൊണ്ട് ശാശ്വത പരിഹാരമാകില്ലെന്നും ദിവസങ്ങൾക്കകം ഇത് വീണ്ടും നാട്ടിലിറങ്ങാൻ സാധ്യതയുള്ളതിനാൽ ‘അരിക്കൊമ്പനെ’ മാറ്റിയതുപോലെ ജനവാസ മേഖലകളിൽ നിന്നും വളരെ അകലെയുള്ള ഉൾവനത്തിലേക്ക് ഇതിനെ മാറ്റണമെന്നുമാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജോർജ് തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.


Source link

Back to top button