എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊച്ചി: സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ രേഖകളില്ലാതെ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാം എന്നയാളെയാണ് എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
ബംഗ്ലാദേശ് സ്വദേശിയായ ഒരാൾ എറണാകുളത്ത് തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എടിഎസ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാക്ടറിയിൽ ഇയാളെ കണ്ടെത്തിയത്.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ കുറുപ്പംപടി പൊലീസിന് കൈമാറി. പെരുമ്പാവൂർ, കുറുപ്പംപടി മേഖലകളിലെ പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് മുൻപും സമാനമായ രീതിയിൽ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നിരവധി ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് എടിഎസിന്റെ പുതിയ നടപടി. ഇയാൾക്ക് പിന്നിൽ മറ്റ് ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Source link
NEWS


