NEWS

തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷത്തിൽ മേയർക്ക് കാലിന് പരിക്ക്; കൗൺസിലർമാർക്കും പൊലീസിനും പരിക്കേറ്റു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിൽ തിരുവനന്തപുരം കോ‌ർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷ് ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണിരുന്നു. തനിക്ക് കാലിന് പരിക്കേറ്റുവെന്ന് മേയർ തന്നെയാണ് വെളിപ്പെടുത്തിയത്.

ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെമുതൽ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു. പരിക്കേറ്റ മേയറെയും മറ്റ് കൗൺസിലർമാരെയും ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, ബിജെപി പേരൂർക്കട കൗൺസിലർ ദീപ എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും മർദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ ചെയ്തത് കോടതി അസാധുവാക്കി മണിക്കൂറുകൾക്കം ‘ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്ത് ഇവർ വീണ്ടും യോഗ്യത നേടിയിരുന്നു. 20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നതെന്നും രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നുമാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.


Source link
NEWS

Back to top button