NEWS
കൽപറ്റയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനം: ട്രാഫിക് സിഗ്നൽ സംവിധാനം വരും

കൽപറ്റ ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരസഭ പ്രാരംഭ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം പൊലീസ്, മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവരെ ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നു. നഗരത്തിലെ അനധികൃത പാർക്കിങ്, പോക്കറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക്, നടപ്പാതകൾ കയ്യേറിയുള്ള അനധികൃത കച്ചവടങ്ങൾ, നഗരത്തിലൂടെയുള്ള ചരക്കുവാഹനങ്ങളുടെ യാത്ര തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പുതിയ ഗതാഗത പരിഷ്കാര നിർദേശങ്ങളും ചർച്ചയായി. വ്യാപാരികളെ ഉൾപ്പെടുത്തിയുള്ള യോഗം വരുംദിവസങ്ങളിൽ ചേരും. തുടർന്ന് ഇൗ യോഗങ്ങളിലെ നിർദേശങ്ങൾ ക്രോഡീകരിച്ച് ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ചേർന്ന് നഗരത്തിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കും. കൽപറ്റ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ കുറിച്ച് ‘കൽപറ്റയുടെ കുരുക്കഴിക്കാൻ’ എന്ന പേരിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച ക്യാംപെയ്നിനെ തുടർന്നാണ് നഗരസഭയുടെ ഇടപെടൽ.
Source link


