NEWS

ഇറാൻ എണ്ണവിൽക്കാൻ ‘അനുമതി’, പണം ഡോളറിൽ വാങ്ങും, യുഎസിന് തന്നെ നേട്ടമെന്ന് ട്രംപ്; ക്രൂഡും സ്വർണവും വീണ്ടും കയറുന്നു


ക്രൂഡോയിൽ ഉൽപാദിപ്പിക്കാനും വിൽക്കാനും ഇറാന് 60 ദിവസത്തെ ലൈസൻസ് അനുവദിക്കാൻ യുഎസ് ട്രഷറി തീരുമാനം. ഇതോടെ യുഎസ് അടക്കമുള്ള വിപണികളിലേക്ക് ക്രൂഡോയിൽ വിൽക്കാൻ ഇറാന് അവസരം ലഭിക്കും. എണ്ണ വിറ്റതിന്റെ പണം അമേരിക്കൻ ഡോളറിൽ തന്നെ വാങ്ങാം. ഈ പണം സൈന്യത്തെ പുനർനിർമിക്കാൻ ഇറാൻ ഉപയോഗിച്ചേക്കുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാൽ ഇറാൻ അങ്ങനെ ചെയ്യില്ലെന്നാണ് താൻ കരുതുന്നതെന്നും മറിച്ചാണെങ്കിൽ അപ്പോൾ കാണാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി. ഇതുകൂടാതെ യുഎസ് മരിവിപ്പിച്ച ഇറാന്റെ ആസ്തികളിൽ ചിലതും വിട്ടുകൊടുക്കാൻ തീരുമാനമായി. ഈ പണം ഉപയോഗിച്ച് ഇറാൻ യുഎസിൽ നിന്ന് ഭക്ഷണ സാധനങ്ങൾ അടക്കം വാങ്ങുമെന്നും യുഎസിന് തന്നെയാണ് നേട്ടമെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം, ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുമെന്നാണ് മധ്യസ്ഥരായ പാക്കിസ്ഥാനും ഖത്തറും പറയുന്നത്. ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കൂടുതൽ ചർച്ചകൾക്കായി പാക്കിസ്ഥാനിലെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനയ്ക്ക് ഇറാൻ തയാറാണെന്നുമാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറയുന്നത്. സമാധാന ചർച്ചകളുടെ ചുവടു പിടിച്ച് ഇന്നലെ യുഎസ് ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ഇന്ന് ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെ നീങ്ങാനാണ് സാധ്യത. ഇന്നലെ പോസിറ്റിവായി തുടങ്ങിയ വിപണി ആദ്യ പകുതിയിൽ വലിയ നേട്ടത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചു. ഉച്ചയ്ക്കു ശേഷം വിൽപന സമ്മർദം രൂക്ഷമായതോടെ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വിപണി ക്ലോസ് ചെയ്യുകയായിരുന്നു.


Source link

Back to top button