NEWS
ഇവിടെ വന്നപ്പോൾ ശ്വേതയും കുക്കുവും ഒരേ ബഞ്ച്, കപടമല്ലേ ഇവര് ഈ കാണിക്കുന്നത്?: എണ്ണിപ്പറഞ്ഞ് ബാബുരാജ്

താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ ശ്വേതാ മേനോനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ജോയിന്റ് സെക്രട്ടറി ബാബുരാജ് രംഗത്ത്. ഇത്രയും കാലം ‘ലേഡീസ് കാർഡ്’ ഇറക്കി കളിച്ച ഭരണസമിതിയുടെ കപടനാടകമാണ് ജനറൽ ബോഡിയിൽ പൊളിഞ്ഞതെന്ന് ബാബുരാജ് ആരോപിച്ചു. സംഘടനയിലെ ഭിന്നതകളും വനിതാ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഉപദ്രവങ്ങളും നടി അൻസിബ ഹസൻ യോഗത്തിൽ തുറന്നുപറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞുവെന്നും ബാബുരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും പ്രാഥമിക അംഗത്വം വരെ രാജിവച്ച് മുൻ കമ്മിറ്റിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ബാബുരാജ് ഇതിന് മറുപടിയുമായി രംഗത്തെത്തിയത്.ഒരു ജനറൽ ബോഡി വിളിക്കണമെങ്കിൽ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ നിയമപരമായ ആവശ്യമായ ’21 ദിവസത്തെ മുൻകൂർ നോട്ടീസ്’ പോലും ഇത്തവണ നൽകിയിട്ടില്ലെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. വാർഷിക റിപ്പോർട്ട് പോലും കൃത്യമായി നൽകാൻ പറ്റാത്ത ഒരു കമ്മിറ്റിയാണിതെന്നും ട്രഷറർ പോലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചാർട്ടേഡ് അക്കൗണ്ടന്മാരും വക്കീലന്മാരും വരെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇതിനിടയിലാണ് കഴിഞ്ഞ കുടുംബസംഗമം നടത്തിയതിന്റെ 67 ലക്ഷം രൂപയുടെ കണക്കിൽ വലിയ ദുരൂഹതയുണ്ടെന്ന ആരോപണം ബാബുരാജ് ഉന്നയിച്ചത്. ഈ തുകയുടെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും, ചാർട്ടേഡ് അക്കൗണ്ടന്റ് അവർക്കയച്ച മെയിൽ അബദ്ധത്തിൽ തനിക്ക് വന്നപ്പോഴാണ് ഈ ക്രമക്കേട് ബോധ്യപ്പെട്ടതെന്നും ബാബുരാജ് വെളിപ്പെടുത്തി. തന്റെ കമ്മിറ്റിയുടെ കാലത്തെ കണക്കുകളിൽ പ്രശ്നമുണ്ടെന്ന ശ്വേതയുടെ ആരോപണത്തെയും ബാബുരാജ് തള്ളി. താൻ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗം മാത്രമായിരുന്നുവെന്നും തന്റെ കാലത്തെ കണക്കുകൾ കൃത്യമായി നൽകിയിട്ടുണ്ടെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും നാൾ ഇവര് ‘ലേഡീസ് കാർഡ്’ ഇറക്കി കളിക്കുകയായിരുന്നു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഉടനെ തന്നെ ‘സ്ത്രീകളാണ് ഞങ്ങൾ എന്നൊക്കെ’ പറയും. അത് ഇവിടെ വച്ച് തന്നെ ഇന്ന് പൊളിച്ചടക്കിയിട്ടുണ്ട്! ആ അൻസിബ എന്ന് പറഞ്ഞ കുട്ടി അവസാനം കയറി സംസാരിച്ചപ്പോൾ, എല്ലാവരുടെയും കണ്ണ് നിറയുന്ന പോലെയാണ് ആ കുട്ടി കാര്യങ്ങൾ പറഞ്ഞത്. അപ്പൊ സ്ത്രീകൾക്ക് തന്നെ ഇത്രയധികം ഉപദ്രവം നടത്തിക്കൊണ്ടിരുന്ന ഈയൊരു കമ്മിറ്റി, ഒടുവിൽ അവര് തന്നെ രാജിവെച്ചു പോവുകയാണ് ഉണ്ടായത്.
Source link


