BUSINESS
ആന്ധ്രയുടെ മണ്ണിൽ കുഴിച്ചെടുക്കാൻ 50,000 കിലോ സ്വർണം, പുതിയ കെജിഎഫ് ആകുമോ ജൊന്നഗിരി?

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ഉൽപാദക സംസ്ഥാനമായി മാറാനൊരുങ്ങി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ആരംഭിക്കുന്ന ആദ്യ സ്വകാര്യ സ്വർണഖനിയായ ജൊന്നഗിരി പ്ലാന്റ് അടുത്തിടെ ആന്ധ്രയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഈ പ്രദേശത്തു മാത്രം 50 ടൺ (50,000 കിലോ ഗ്രാം) സ്വർണശേഖരം ഉണ്ടെന്നാണു കണക്കാക്കുന്നതെന്ന് ആന്ധ്ര പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ പറഞ്ഞു. ജൊന്നഗിരിയ്ക്കു പുറമെ രാമഗിരി, ജവ്വക്കുള, ചിഗുരുകുന്ത തുടങ്ങിയ സ്ഥലങ്ങളിലും സ്വർണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉൽപാദകരാകാൻ ആന്ധ്രയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിർമാണം തുടങ്ങിയ ജൊന്നഗിരിയിൽ 1500 ഏക്കറാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ 500 ഏക്കറിൽ മാത്രമാണ് ഖനനം നടക്കുന്നത്. ഇവിടെ 13 ടൺ സ്വർണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 1000 ഏക്കറിൽ കൂടി ഉടൻ ഖനനം തുടങ്ങും. ഇതോടെ ജൊന്നഗിരിയിലെ സ്വർണശേഖരം 50 ടണ്ണായി വർധിക്കും. സ്വർണഖനനം വളരെ ചെലവേറിയ പ്രക്രിയയാണ്. വലിയ നിക്ഷേപവും സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ്. ഇതുകണക്കിലെടുത്താണ് സർക്കാർ സ്വർണ ഖനനം സ്വകാര്യ കമ്പനികൾക്ക് നൽകിയതെന്നും മീണ വിശദീകരിക്കുന്നു. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവർഷം 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സ്വർണവില കുത്തനെ കയറിയതും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും ഇറക്കുമതിച്ചെലവ് കുത്തനെ ഉയർത്തിയിരുന്നു. ഇറാൻ യുദ്ധത്തിൽ ക്രൂഡോയിൽ വില വർധിക്കുകയും കൂടി ചെയ്തതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലും ഇതു ഇടിവുണ്ടാക്കി. എന്നാൽ സ്വന്തമായി സ്വർണം ഉൽപാദിപ്പിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും സഹായിക്കും. 1970-80 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഉൽപാദക രാജ്യമായിരുന്നു ഇന്ത്യ. നിലവിലെ പ്രമുഖ സ്വർണ ഖനന രാജ്യങ്ങളായ ചൈന, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവയ്ക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥാനം. പ്രതിവർഷം 5 ടൺ സ്വർണം ഖനനം ചെയ്യാനും ഇന്ത്യയ്ക്ക് ശേഷിയുണ്ടായിരുന്നു. കൂടുതൽ ഖനികൾ കണ്ടെത്താനുള്ള പര്യവേഷണം അവസാനിപ്പിച്ചതും നിയമങ്ങളിലെ തടസവുമാണ് തിരിച്ചടിയായത്. 1990കളിൽ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിച്ചെങ്കിലും നടപടികൾ നീളുകയായിരുന്നു. നിലവിൽ കർണാടകയിലെ റയ്ചൂർ ജില്ലയിലെ ഹട്ടി സ്വർണ ഖനിയിൽ മാത്രമാണ് വ്യാവസായിക രൂപത്തിൽ സ്വർണ ഉൽപാദനം നടക്കുന്നത്. 1947ൽ സ്ഥാപിച്ച ഖനി ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഉൽപാദനം നടക്കുന്നതിൽ ഏറ്റവും വലുതുമാണ്. ഹട്ടി പ്ലാന്റിൽനിന്ന് പ്രതിവർഷം 1.5 ടൺ സ്വർണമാണ് ലഭിക്കുന്നത്.1880 കളിൽ പ്രവർത്തനം തുടങ്ങി പിന്നീട് സിനിമയിലൂടെ പ്രശസ്തമായ കോലാർ ഗോൾഡ് ഫാക്ടറി (കെജിഎഫ്) അടച്ചു പൂട്ടിയതോടെയാണ് ഇന്ത്യയുടെ സ്വർണ ഉൽപാദനത്തിൽ കുറവു വന്നത്. പുതിയ ഖനികൾ കണ്ടെത്തി സ്വകാര്യ മേഖലയുടെ കൂടെ സഹായത്തോടെ ഈ മേഖലയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ.
Source link


