BUSINESS
റോഡിലെ ചരക്കുനീക്കത്തിന്റെ പകുതി ജലപാതയിലേക്ക്, ‘എണ്ണയടിക്കാൻ’ കൂറ്റൻ മദർഷിപ്പുകൾ കേരള തീരത്തെത്തും, എന്താണ് ഗ്രീൻ ബങ്കറിങ്?

തിരുവനന്തപുരം ∙ സംസ്ഥാനത്ത് റോഡുമാർഗമുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനത്തോളം സമുദ്ര – ഉൾനാടൻ ജലപാതകളിലേക്കു മാറ്റുകയാണ് മിഷൻ സമുദ്ര പദ്ധതിയുടെ ലക്ഷ്യം. ചരക്കുനീക്കം തീരദേശ കപ്പൽ സർവീസുകളിലേക്കും ഉൾനാടൻ ജലഗതാഗതത്തിലേക്കും മാറുന്നതോടെ ചരക്കുകൂലിയിലും വലിയ ഇളവു ലഭിക്കും. ഇത് കാർഷിക, സുഗന്ധവ്യഞ്ജന, വ്യാവസായിക ഉൽപന്നങ്ങളുടെ കയറ്റുമതിച്ചെലവു ഗണ്യമായി കുറയ്ക്കും. കുറഞ്ഞ ചെലവിൽ ചരക്കുകൾ ആഗോളവിപണിയിൽ എത്തിക്കാൻ കഴിയുന്നതോടെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് രാജ്യാന്തരതലത്തിൽ മത്സരക്ഷമത കൈവരും.വൻകിട കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ കുറയുന്നതോടെ റോഡിലെ തിരക്കും അപകടങ്ങളും കുറയുമെന്നും പ്രതീക്ഷിക്കുന്നു. ജലപാത ശൃംഖലയെ ശക്തിപ്പെടുത്താനായി വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്കു ചുറ്റുമായി പ്രത്യേക നിർമാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ആധുനിക വെയർഹൗസുകൾ, ഡ്രൈപോർട്ടുകൾ എന്നിവ വരുന്നതു സംസ്ഥാനത്തിന്റെ കയറ്റുമതി–ലോജിസ്റ്റിക്സ് കാര്യക്ഷമത ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.വിഴിഞ്ഞത്ത് ഗ്രീൻ ബങ്കറിങ്ആഗോള ഷിപ്പിങ് രംഗത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ഗ്രീൻ ബങ്കറിങ് (ഹരിത ഇന്ധന വിതരണം) സേവനം നൽകുന്ന രാജ്യത്തെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന പ്രക്രിയയാണ് ബങ്കറിങ്. നിലവിൽ ഭൂരിഭാഗം കപ്പലുകളിലും കാർബൺ പുറന്തള്ളുന്ന ഹെവി ഫ്യുവൽ ഓയിൽ ആണ് ഉപയോഗിക്കുന്നത്. ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കപ്പലുകളുടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കണമെന്ന് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള പരിഹാരമാണ് ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, ബയോഫ്യൂവൽ, എൽഎൻജി തുടങ്ങിയ ഹരിത ഇന്ധനങ്ങൾ. ഭാവിയിൽ ഹരിത ഇന്ധനങ്ങൾ നൽകുന്ന തുറമുഖങ്ങൾക്കു മാത്രമേ രാജ്യാന്തര ഷിപ്പിങ് കമ്പനികൾ മുൻഗണന നൽകൂ.
Source link


