NEWS

‘ഐ ലവ് പാക്കിസ്ഥാൻ’; കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ എഴുത്ത്, അന്വേഷണം


കൊച്ചി ∙ കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ ‘ഐ ലവ് പാക്കിസ്ഥാൻ’ എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. എഴുത്ത് കണ്ടെത്തിയതിനെ തുടർന്ന് കപ്പൽശാലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കപ്പലിന്റെ ഉൾവശത്തെ ചുമരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലായിരുന്നു എഴുത്ത്. പ്രതിരോധ മേഖലയിൽ തന്ത്രപരമായ പ്രാധാന്യമാണ് കൊച്ചിൻ ഷിപ്‍യാർഡിന് ഉള്ളത് എന്നതിനാൽ വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രണ്ടാഴ്ച മുമ്പാണ് കപ്പലിനുള്ളിൽ എഴുതിയത് കണ്ടെത്തിയത് എന്നാണ് വിവരം. കപ്പൽശാല അധികൃതർ ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ സൗത്ത് പൊലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അതേസമയം, സുരക്ഷാ കാരണങ്ങളാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഷിപ്പ്‌യാർഡ് അധികൃതർ തയാറായിട്ടില്ല.


Source link

Back to top button