NEWS
‘അന്വേഷണം അവസാനഘട്ടത്തിൽ; ശബരിമല സ്വർണ്ണക്കൊള്ളയിൽ സമഗ്ര റിപ്പോർട്ട് ജൂൺ 29നുള്ളിൽ’

കൊച്ചി∙ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ഈ മാസം 29 വരെ സമയം നൽകി ഹൈക്കോടതി. 2025ല്‍ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ നീക്കം ചെയ്യാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉത്തരവാദികളായവരുടെ പങ്ക് വിശദമാക്കുന്ന സമഗ്ര റിപ്പോർട്ട് ഈ മാസം ജൂൺ 29നകം സമർപ്പിക്കുമെന്നും എസ്ഐടി ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിനൊപ്പം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് എന്നു സമർപ്പിക്കാനാകുമെന്ന് അറിയിക്കാനും ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുവെന്ന് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ച കോടതി, സമഗ്ര റിപ്പോർട്ട്് സമർപ്പിക്കാൻ ഒരവസരം കൂടി നൽകുന്നു എന്നും വ്യക്തമാക്കുകയായിരുന്നു. എസ്ഐടി തലവൻ എസ്.ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരായി കേസിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ വിശകലന റിപ്പോർട്ട് ലഭിച്ചതിനാല്‍, 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾക്ക് സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
Source link


