NEWS

മുട്ടൻ ഏറ്റുമുട്ടലിന് മുൻപ് മട്ടൻ ബിരിയാണി; അർജന്റീന അൾജീരിയയെ നേരിടുമ്പോൾ എടയാട്ട് പറമ്പിൽ ബിരിയാണിച്ചെമ്പ് പൊട്ടും


മലപ്പുറം ∙ ലോകകപ്പിൽ അർജന്റീന–അൾജീരിയ മത്സരത്തിനു കിക്കോഫ് വിസിൽ മുഴങ്ങുന്നതിനു മുൻപേ എടയാട്ട് പറമ്പിൽ ബിരിയാണിച്ചെമ്പ് പൊട്ടും. ഫലമെന്തായാലും ഫുട്ബോൾ പ്രേമികൾ മട്ടൻ ബിരിയാണി ചൂടോടെ കഴിച്ച് മത്സരം ആസ്വദിക്കും. ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ചേക്കാലിമാട്–എടയാട്ടുപറമ്പ് അർജന്റീന ആരാധകരുടെ കൂട്ടായ്മയാണ് മട്ടൻ ബിരിയാണി വിളമ്പുന്നത്. കല്യാണ വീടു പോലെ പന്തലും ചെമ്പുമൊരുക്കി ഇന്നലെ മുതൽ ബിരിയാണി തയാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാവിലെ 6.30നാണ് മത്സരത്തിനു പന്തുരുണ്ടു തുടങ്ങുക. അതിനു മുൻപേ ബിരിയാണി, ചെമ്പിൽ നിന്നിറങ്ങി പ്ലേറ്റിൽ ലൈനപ്പ് ചെയ്യും.എടയാട്ട് പറമ്പ് ന്യൂ യുവധാര ക്ലബ്ബിനു സമീപത്തു കളി കാണാനെത്തുന്നവർക്കും നാട്ടുകാർക്കുമാണ് ബിരിയാണി വിതരണം. പ്രദേശത്തെ അർജന്റീന ആരാധകർ ഇതാദ്യമായല്ല അർജന്റീനയുടെ മത്സരം ബിരിയാണി വിളമ്പി ആഘോഷിക്കുന്നത്.ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിനു മുൻപ് 500 പേർക്കാണ് ചിക്കൻ ബിരിയാണി വിളമ്പിയത്. ആ മത്സരം തോറ്റെങ്കിലും മെസ്സിയും കൂട്ടരും കപ്പടിച്ചതോടെ ബിരിയാണി മുതലായി. കഴിഞ്ഞ തവണ കോഴി ബിരിയാണിയായിരുന്നു. ഇപ്പോൾ നിലവിലെ ചാംപ്യന്മാരല്ലേ, മട്ടൻ തന്നെയാകട്ടെയെന്നു ആരാധകർ തീരുമാനിച്ചു.


Source link

Back to top button