NEWS
വിഴിഞ്ഞത്തിനു പകരം ‘കോവളവും മാസ്കറ്റും’; രാവിലെ മുഖ്യമന്ത്രി, രാത്രി ധനമന്ത്രി! സതീശന്റെ വിസ്മയ ബജറ്റ് ഒരുങ്ങുന്നതിങ്ങനെ

തിരുവനന്തപുരം ∙ വിഴിഞ്ഞത്തേക്ക് പോകുന്നില്ല, പകരം മാസ്കറ്റ് ഹോട്ടലും കോവളം ഗസ്റ്റ് ഹൗസും. തീർത്തും മാറി നിൽക്കുന്നില്ലെങ്കിലും സന്ദർശകരെ ചുരുക്കി. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നിബജറ്റ് പണിപ്പുരയിൽ ഇതാണ് രീതി. 19ന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും സതീശൻ. 1963-64, 1964-65 കാലയളവില്‍ ആര്.ശങ്കര്‍, 2016-17ല്‍ ഉമ്മന്‍ചാണ്ടി എന്നിവരാണ് ഇതിനു മുന്‍പ് ബജറ്റ് അവതരിപ്പിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. ധനമന്ത്രിയായിരുന്ന കെ.എം.മാണി രാജിവച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ചത്. മുൻ ധനമന്ത്രിമാര്‍ വിഴിഞ്ഞം ഗസ്റ്റ് ഹൗസ് പോലുള്ള സ്ഥലങ്ങളില്‍ സ്വസ്ഥമായി ഇരുന്നാണ് ബജറ്റ് തയാറാക്കിയിരുന്നത്. ആ മാതൃക പ്രയാസമായതിനാല്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍, മാസ്കറ്റ് ഹോട്ടല്‍, കോവളം ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചർച്ച. ∙ ഉച്ചവരെ മുഖ്യമന്ത്രി, ഉച്ചയ്ക്കു ശേഷം ധനമന്ത്രി രാവിലെ കന്റോണ്‍മെന്റ് ഹൗസിലും ഓഫിസിലും എത്തുന്നവരെ കണ്ടതിനു ശേഷം അത്യാവശ്യം പരിപാടികള്‍ കഴിഞ്ഞ് ഉച്ചയ്ക്കു മുന്‍പ് തന്നെ ബജറ്റ് ചര്‍ച്ചകളിലേക്കു കടക്കും. പല ദിവസങ്ങളിലും രാവേറെ നീളുന്ന പരിപാടി ആയിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ബജറ്റ് തിരക്കുകളിലേക്കു കടന്നതോടെ സന്ദര്‍ശകരെ കാണുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ ചുമതലയേറ്റതു മുതല്‍ തന്നെ മുഖ്യമന്ത്രി ബജറ്റ് തയാറാക്കല്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്കു കടന്നിരുന്നു. സമയം കിട്ടുന്നതിനനുസരിച്ചു ചര്‍ച്ചകളും വിഷയവിദഗ്ധരില്നിന്ന് അഭിപ്രായം സമാഹരിക്കുക എന്ന പ്രക്രിയയുമാണ് നടത്തിയിരുന്നത്. രാത്രി വൈകിയും കൂടുതല്‍ സമയം കണ്ടെത്തിയാണ് ബജറ്റ് ഒരുക്കല്‍ നടക്കുന്നത്. ഞായറാഴ്ചകളിലെ മണ്ഡലസന്ദര്ശനവും ഒഴിവാക്കിയില്ല. വിവിധ വ്യവസായ മേഖലകളില്‍നിന്നുള്ളവര്‍, തൊഴിലാളി, കര്‍ഷക, വിദ്യാര്‍ഥി സംഘടനകള്‍, ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ വനിതാ സംഘടനാ നേതാക്കള്‍, പ്രമുഖ വ്യവസായികള്‍, വിവിധ വകുപ്പുകളുടെ സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയാണ് അഭിപ്രായ സമാഹരണം നടത്തിയിരിക്കുന്നത്.
Source link


