NEWS
സ്ത്രീകളുടെ സൗജന്യ യാത്ര: ‘സർക്കാർ വാഗ്ദാനലംഘനം നടത്തി’, തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ യുഡിഎഫ് സർക്കാർ വാഗ്ദാനലംഘനം നടത്തിയെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫിസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികൾക്ക് ബിജെപിയുടെ മുതിർന്ന സംസ്ഥാന-ജില്ലാ നേതാക്കൾ നേതൃത്വം നൽകും. കെഎസ്ആർടിസിയുടെ മുഴുവൻ സാധാരണ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല. ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. നിലവിൽ കെഎസ്ആർടിസിക്ക് കീഴിലുള്ള മുവായിരത്തിൽ അധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗം വിവിധ പേരുകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ യാത്രാ സൗകര്യം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി ബസുകൾക്ക് ‘സിറ്റി ഫാസ്റ്റ്’ ഉൾപ്പെടെയുള്ള പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിച്ചു. അതുവഴി സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ആരോപിച്ചു.
Source link


