NEWS
മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ∙ രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു. കോശങ്ങൾ, മൃതദേഹങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.2025 ഡിസംബറിലാണ് സംഭവം നടന്നത്. സഗർ ജില്ലയിലെ ബീനാ തഹസിലിലുള്ള കൗർജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15നാണ് ഭോപാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു.ബയോപ്സി സാംപിളിനായി എടുത്തുവച്ചിരുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നഴ്‌സിങ് ഓഫിസർ മധുബാല ശർമയാണ് രാസവസ്തു കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. മറ്റൊരു നഴ്‌സിങ് ഓഫിസറായ അനുക ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. എയിംസ് അധികൃതർ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
Source link


