NEWS
‘എന്റെ തല, എന്റെ ഫോട്ടോ, അതിലപ്പുറം ആരും കാണരുത്’; രാഗേഷിനെതിരെ സൈബറാക്രമണം രൂക്ഷം

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് നേരെ നടത്തുന്ന സൈബർ ആക്രമണം രൂക്ഷമായി തുടരുന്നു. ഇതോടെ സിപിഎം നേതാക്കളും രാഗേഷിന് പിന്തുണയുമായി രംഗത്തെത്തി. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്ദനെ ചരമ വാർഷികത്തിൽ അനുസ്മരിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ രൂക്ഷമായ ഭാഷയിലാണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത്. ‘ടിപിയെ വെട്ടി കൊല്ലാന് കൊടി സുനിക്ക് വാളെടുത്ത് കൊടുത്ത് പറഞ്ഞുവിട്ട കൊലയാളി കുഞ്ഞനന്ദൻ’, ‘ഒരു കൊലയാളി അത്ര ഡെക്കറേഷൻ മതി, കൊലയാളിക്കും ഓർമദിനമോ?’ എന്നു തുടങ്ങി തെറിവിളിയാണ് കമന്റ് ബോക്സിൽ.കഴിഞ്ഞ ദിവസം അന്തരിച്ച പാനൂരിലെ സിപിഎം നേതാവ് എ.വി. ബാലന് അന്തിമോപചാരം അർപ്പിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ബോക്സിലും രാഗേഷിനെതിരെ ആക്രമണമുണ്ടായി. ‘അന്ത്യാഭിവാദ്യങ്ങൾ സഖാവെ’ എന്ന് മാത്രമുള്ള തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് രാഗേഷിനെതിരെ വ്യക്തിപരമായ ആക്രമണമുണ്ടായത്. ‘ബാലനെക്കുറിച്ച് ഒരു വാക്കുപോലും എഴുതാതെ പോസ്റ്റിട്ടതിലാണ് വിമർശനം. ‘ഫോട്ടോയെടുക്കാൻവേണ്ടി മരിച്ചതാണോ, മരിച്ചത് പേരില്ലാത്തയാളാണോ, ബാലേട്ടനെ അറിയാത്ത നിങ്ങൾ പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, അദ്ദേഹം വലിയ തിരക്കിലാണ്, രണ്ട് വാക്ക് എഴുതാൻ സമയമില്ല. ആരാണെന്നോ എന്താണെന്നോ ഇല്ല, സ്വന്തം ഫോട്ടോ മാത്രം. എല്ലായിടത്തും എന്റെ തല, എന്റെ ഫോട്ടോ. അതിലപ്പുറം ആരും കാണരുത്, അറിയരുത്’ എന്നിങ്ങനെയാണ് കമന്റുകൾ.
Source link


