NEWS

മാസപ്പടി കേസിൽ വീണ നാളെ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല;​ അവധി ചോദിച്ച് കത്തയച്ചു

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ഓഫീസിൽ നാളെ നേരിട്ട് ഹാജരാകാൻ അയച്ച സമൻസിൽ അവധി ചോദിച്ച് ടി വീണ. ഇന്നലെ രാവിലെയാണ് കത്ത് ഇമെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിയപേക്ഷ.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയോട് വെള്ളിയാഴ്ച രാവിലെ 11ന് കടവന്ത്രയിലെ ഓഫീസിലെത്താനാണ് നിർദ്ദേശിച്ചിരുന്നത്. വീണയ്ക്ക് മറ്റാെരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുതിയ സമൻസ് നൽകും.

മാസപ്പടി കേസിൽ ഒൻപത് പേർക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, ഭാര്യ ജയ എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്‌കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് നോട്ടീസ്. ഇവർ വിവിധ ദിവസങ്ങളിൽ ഹാജരാകണം.

വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ കമ്പനി 2.78 കോടി രൂപ നൽകിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം. വീണ താമസിക്കുന്ന, പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് സമൻസെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

വ്യക്തമായ കാരണങ്ങൾ രേഖാമൂലമോ അഭിഭാഷകൻ വഴിയോ അറിയിച്ച് ഹാജരാകൽ നീട്ടി വയ്പ്പിക്കാം. മൂന്നു തവണ വരെ ഇങ്ങനെ ചെയ്യാം. മൂന്നു സമൻസിലും ഹാജരായില്ലെങ്കിൽ വ്യക്തി ഉള്ളിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കസ്‌റ്റഡിയിലെടുത്തും ചോദ്യം ചെയ്യാം. അറസ്റ്റ് തടയണമെന്നോ മുൻകൂർ ജാമ്യം അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വീണയ്‌ക്ക് കഴിയും. എന്നാൽ കള്ളപ്പണം വെളുപ്പിൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) കർശന വ്യവസ്ഥകൾ മൂലം മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ല.


Source link
NEWS

Back to top button