NEWS

100 ദിവസം കടന്ന് പശ്ചിമേഷ്യൻ യുദ്ധം; കനത്ത പ്രഹരം ഇന്ത്യൻ വിപണിക്ക്, 4.5 ലക്ഷം കോടി ഒഴുകിപ്പോയി


കൊച്ചി∙ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് നൂറിലേറെ ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും ശക്തമായ പ്രഹരമേറ്റ ഓഹരി വിപണിയായി ഇന്ത്യ. ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 4.5 ലക്ഷം കോടി രൂപ ഒഴുകിപ്പോയി. ടെഹ്‌റാനിലെ ഓഹരിവിപണികൾ യുദ്ധത്തോടനുബന്ധിച്ച് 80 ദിവസം നിർത്തിവയ്ക്കേണ്ടി വന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊണ്ട് ദുബായ് വിപണിക്ക് 15–18% ഇടിവുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഓഹരിവിപണികളിൽ യുദ്ധം ഏറ്റവുമധികം ബാധിച്ചത് ഇന്ത്യയെ ആണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നിഫ്റ്റി സൂചികയുടെ നഷ്ടം 7.5 ശതമാനമാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ ഏറ്റവും ശക്തമായി ഇടിഞ്ഞ ദക്ഷിണകൊറിയൻ കോസ്പി സൂചിക നേട്ടത്തിലേക്കു തിരികെയെത്തി. ജപ്പാനിലെ നിക്കെയ് സൂചികയും തിരിച്ചുകയറി. ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചികയും നഷ്ടം ഗണ്യമായി കുറച്ചു. യുഎസിലെ എസ് ആൻഡ് പി, നാസ്ഡക് സൂചികകൾ യുദ്ധകാലത്ത് റെക്കോർഡുകൾ തിരുത്തി മുന്നേറി. യൂറോപ്യൻ സൂചികകളും ആദ്യദിനങ്ങളിലെ നഷ്ടം വീണ്ടെടുത്തു. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് ടെക് വമ്പൻമാരുടെ ഓഹരികളിൽ വലിയതോതിലുള്ള വിൽപന നടന്നിരുന്നു. ഇത് സൂചികകളിൽ 4% വരെ ഇടിവുണ്ടാക്കി. എഐ മേഖലയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറയുന്ന ട്രെൻഡിലേക്കു മാറിയാൽ യുദ്ധത്തിനിടയിലും ഇന്ത്യൻ വിപണിക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. നിഫ്റ്റി50 ഇടിവു നേരിടുമ്പോഴും സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണെന്നതും പ്രതീക്ഷ പകരുന്നതാണ്. 


Source link

Back to top button