LIFESTYLE
നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞു വീണു; കേരളത്തിൽ ഇത് ആവർത്തിക്കുന്നതിന് കാരണമെന്ത്?

വീടുകളുടെ ഫൗണ്ടേഷൻ ഫെയിലിയറിനെക്കുറിച്ചു പറഞ്ഞു നാക്കു വായിലിട്ടതേ ഉള്ളൂ, ദാ കിടക്കുന്നു ഇടുക്കിയിൽ ഒരു അഞ്ചു നില കെട്ടിടം താഴെ. ഭാഗ്യത്തിന് ആർക്കും അപകടം സംഭവിച്ചില്ല, പതിവുപോലെ ജനം കോൺക്രീറ്റിനെ പഴി ചാരി രംഗത്തെത്തി, ചർച്ചകൾ കൊഴുക്കുന്നു.ഒരു വീട് അഥവാ കെട്ടിടം പണിയുമ്പോൾ നാം ആദ്യം അതിന്റെ ഫൗണ്ടേഷൻ നിർമിക്കും, പിന്നെ അതിൽ പതിയെ ഭിത്തിയും സ്ലാബും നിർമിക്കും, പ്ലാസ്റ്ററിങ് നടത്തും, പെയിന്റ് അടിക്കും, കയറി താമസിക്കും ഇതാണ് നാട്ടുനടപ്പ്.ഇവിടെ നിർമാണത്തിനായി നമ്മൾ ഉപയോഗിക്കുന്ന സകലമാന സാധനങ്ങളുടെയും, വീട്ടിനകത്തിരിക്കുന്ന കിണ്ടി, കിണ്ണം, ചെമ്പ്, ചരുവം ഉൾപ്പെടെയുള്ള സർവസാധനങ്ങളുടെയും ഭാരം ഭൂമിയിലേക്ക് എത്തുന്നത് ഫൗണ്ടേഷൻ അഥവാ തറ വഴിയാണ്. അപ്പോൾ തറയിൽ ഒരു സമ്മർദ്ദബലം രൂപപ്പെടും, അതിനു താഴോട്ട് ഇരിക്കാനുള്ള ത്വര ഉണ്ടാകും, ഇതാണ് പൊതുനിയമം. എന്നാൽ എല്ലാ കേസിലും അങ്ങനെയാകണം എന്നില്ല. എല്ലാ ഫൗണ്ടേഷനുകളും താഴോട്ട് അമരുമ്പോൾ ചില ഫൗണ്ടേഷനുകൾ മുകളിലോട്ടു പൊങ്ങും.ഡെക്കാൻ പ്രദേശത്തെ ബ്ളാക് കോട്ടൺ സോയിൽ പോലുള്ള സവിശേഷ സ്വഭാവമുള്ള ചില മണ്ണുകളിൽ, അവയിലെ ജല സാന്നിധ്യത്തിനനുസരിച്ചു കെട്ടിടങ്ങൾ പൊങ്ങിവരും, പിന്നീട് അവക്ക് സൗകര്യമുള്ളപ്പോൾ താഴ്ന്നു പോവുകയും ചെയ്യും.സംഗതി ഇതൊരു വലിയ തലവേദന ആയപ്പോൾ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റിയൂട്ടിലെ എൻജിനീയർമാർ മുണ്ടും മടക്കിക്കുത്തി ഇറങ്ങി, അണ്ടർ റീംഡ് പൈൽ എന്നൊരു സവിശേഷ ഇനം പൈൽ നിർമിച്ചു, നാഗവല്ലിയെ തളച്ചു.കൂടുതൽ ഡീറ്റെയിൽസ് വേണ്ടവർ ഗൂഗിൾ ചെയ്തു നോക്കിയാൽ മതി, നമ്മുടെ പ്രശ്നം അതല്ല. നമ്മൾ വിചാരിക്കുന്നതിനപ്പുറം ഉള്ള പല ചലനങ്ങളും, മർദ്ദങ്ങളും ഒക്കെ അനുഭവപ്പെടുന്ന ഒരു ഭാഗമാണ് നമ്മുടെ കാൽചുവട്ടിലുള്ള മണ്ണ് എന്ന് പറയാനാണ് ഞാൻ ഈ ഡെക്കാൻ പീഠഭൂമിയിലെ കഥ ഇങ്ങോട്ടു കൊണ്ടുവന്നത്.
Source link
CINEMA
CINEMA


