NEWS

ഷാർജയിലെ 2 വയസ്സുകാരന്റെ മരണം: മലയാളി പെൺകുട്ടിയും പ്രതി, ക്രൂരകൃത്യം ജനാലയിലൂടെ താഴേക്ക് എറിഞ്ഞ്, മാതാപിതാക്കൾ കസ്റ്റഡിയിൽ


ഷാർജ∙ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ സ്വദേശികളാണ് മലയാളി കുടുംബം. ഒരു മാസം മുൻപാണ് ഷാർജയിലെ ഒരു കെട്ടിടത്തിൽ നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സജ്ജാദ് ഹുസൈൻ എന്ന പ്രവാസിയുടെ മകൻ മുഹമ്മദ് അർഷമാൻ ആണ് മരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾ ചേർന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം. രണ്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടി കൂടി ഇവർക്കുണ്ട്. കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു. നിലവിൽ കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് മടങ്ങിയ അദ്ദേഹം, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും ജീവിതം തകിടം മറിക്കുമെന്നും ഓർമിപ്പിച്ചു. വർഷങ്ങളായി പെൺകുട്ടികളുടെ കുടുംബവും പാക്കിസ്ഥാനി കുടുംബവും അടുത്തടുത്താണ് കഴിഞ്ഞിരുന്നത്.


Source link

Back to top button