കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതേ, മഴക്കാലത്ത് പകർച്ചാവ്യാധികളായ എലിപ്പനിയെയും ഡെങ്കിപനിയെയും കരുതൽ വേണം

തിരുവനന്തപുരം: മഴക്കാലമെത്തുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഞായറാഴ്ച്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും നിർമ്മാണ മേഖലകളിലും വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്നും ഡി എം ഒ അറിയിച്ചു.
കാലവർഷം ശക്തമാകാൻ സാഹചര്യമുള്ളതിനാൽ മഴവെള്ളം കെട്ടി നിൽക്കുവാനും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ എലിപ്പനി പകരുവാനും സാഹചര്യമുണ്ട്.
കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ഇറങ്ങാതിരിക്കുക. ഇറങ്ങേണ്ടി സാഹചര്യത്തിൽ കൈയ്യുറ,കാലുറ എന്നിവ ധരിക്കുകയും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. .അതോടൊപ്പം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സീസൈക്ലിൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങി കഴിക്കേണ്ടതാണ്.
കാലാവസ്ഥയിൽ വന്ന മാറ്റം മൂലം പകർച്ചപ്പനി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പനി, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണ്ണമായും വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ എത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
Source link


