NEWS
മന്ത്രവാദിനിയെന്ന് സംശയം, യുവതിക്ക് നേരെ തിരിഞ്ഞ് ആൾക്കൂട്ടം; ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെട്ടു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ വിജയ്‌നഗർ താലൂക്കിലുള്ള ഗാഡിവക്ഡ ഗ്രാമത്തിൽ അന്ധവിശ്വാസത്തെത്തുടർന്ന് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്രാമവാസിയായ കംലാബെന്നിനെ മന്ത്രവാദിനിയെന്ന് (ഡയാൻ) മുദ്രകുത്തി പരന്ന വ്യാജവാർത്തകളെ തുടർന്നാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. ഭാര്യ കംലാബെന്നിനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് മനുഭായ് രാംജിഭായ് ദാമോർ കൊല്ലപ്പെട്ടത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ദിവസം ഗാഡിവക്ഡ ഗ്രാമത്തിൽ അക്രമാസക്തരായ ജനക്കൂട്ടം മനുഭായിയുടെ വീട് വളയുകയായിരുന്നു. കുടുംബത്തോട് സാധനങ്ങളെല്ലാം എടുത്ത് ഗ്രാമം വിട്ടുപോകാൻ ഇവർ ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ ജനക്കൂട്ടം കംലാബെന്നിനെ ശാരീരികമായി ഉപദ്രവിക്കാൻ തുനിഞ്ഞു. വീടിനു നേരെ കല്ലേറുണ്ടായതോടെ ഭയന്ന കുടുംബത്തെ രക്ഷിക്കാൻ മനുഭായിയും മക്കളും മുന്നോട്ട് വരികയായിരുന്നു.
Source link

