NEWS

താമരശ്ശേരി ചുരത്തിൽ മിക്ക ദിവസവും പകൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; കുടുങ്ങിയത് എംഎൽഎയും


താമരശ്ശേരി ∙ ചുരത്തിൽ മിക്ക ദിവസവും പകൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. സ്കൂൾ അവധിയോടൊപ്പം 27ന് പെരുന്നാൾ തലേന്ന് കൂടി ആയതു കൊണ്ട് രാവിലെ മുതൽ ചുരത്തിൽ വാഹനത്തിരക്കേറി. ഒരു മാസം മുൻപ് 6–ാം വളവിലെ കൊക്കയിലേക്ക് തലകീഴായി മറിഞ്ഞുകിടന്ന കൂറ്റൻയന്ത്രം ഇരുമ്പ് വടം റോഡിന് കുറുകെ വലിച്ചുകെട്ടി ഉയർത്തിയതാണ് 27ന് രാവിലെ മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. കഴിഞ്ഞ മാസം 27നാണ് വളവ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിക്കിടെ യന്ത്രം കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിരക്കിനിടെ ഒരു മുന്നൊരുക്കവും നടത്താതെയും യാത്രക്കാരെ അറിയിക്കാതെയും വടം റോഡിനു കുറുകെ വലിച്ചുകെട്ടി യന്ത്രം ഉയർത്തിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. രാവിലെ 7 ന് വളപട്ടണത്ത് നിന്ന് എത്തിയ സംഘം വടംകെട്ടി പ്രവൃത്തി ആരംഭിച്ചതോടെ നിമിഷ നേരത്തിനുള്ളിൽ ചുരം അഴിയാകുരുക്കിലായി. അടിവാരം മുതൽ ലക്കിടി വരെ നീണ്ട വാഹന വ്യൂഹത്തിൽ ദുരിതമനുഭവിച്ച് യാത്രക്കാർ.ചുരത്തിൽ 6,7,8 വളവുകളുടെ നവീകരണ പ്രവൃത്തി കാരണം നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന മൾട്ടി ആക്സിൽ വാഹനങ്ങളും ഭാര വാഹനങ്ങളും തലങ്ങും വിലങ്ങും വന്നതും കുരുക്ക് വർധിപ്പിച്ചു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതും തിരിച്ചടിയായി. ഉച്ചയ്ക്ക് ഒന്നോടെ യന്ത്രം ഉയർത്തിയ ശേഷം ഇരുമ്പുവടം അഴിക്കുമ്പോൾ 2 മണി കഴിഞ്ഞു. വൈകിട്ട് നാലോടെയാണ് റോഡിനിരുവശത്തും രൂപം കൊണ്ട ഗതാഗതക്കുരുക്കിന് അയവ് വന്നത്.പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.സൂജീഷ്, അസിസ്റ്റന്റ് എൻജിനീയർ എം.സലിം, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിന്ദു സന്തോഷ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ.മൊയ്തു മുട്ടായി, ഷാഫി വളഞ്ഞപാറ, സി.എ.മുഹമ്മദ്, പ്രവൃത്തി കരാർ എടുത്ത ചൗധരി കൺസ്ട്രക്‌ഷൻസ് കമ്പനി പ്രതിനിധികൾ എന്നിവരും അവലോകന പരിപാടിയിൽ പങ്കെടുത്തു.


Source link

Back to top button